Home Europe അടുത്ത മാസം മുതല്‍ കോവിഡ് പാസ്സ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍ ; തുടക്കം തീയറ്ററുകളിലും സ്റ്റേഡിയങ്ങളിലും;...

അടുത്ത മാസം മുതല്‍ കോവിഡ് പാസ്സ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍ ; തുടക്കം തീയറ്ററുകളിലും സ്റ്റേഡിയങ്ങളിലും; എതിര്‍പ്പുമായി മനുഷ്യാവകാശ വാദികള്‍

48
0

പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ് പാസ്സ്പോര്‍ട്ടുകള്‍ അടുത്തമാസം മുതല്‍ നിലവില്‍ വരുമെന്നറിയുന്നു. തീയറ്ററുകളിലും സ്റ്റേഡിയങ്ങളിലും ആയിരിക്കും ഇത് ആദ്യമായി നടപ്പിലാക്കുക. സാവധാനം ഇത് പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, നൈറ്റ്ക്ലബ്ബുകള്‍, സിനിമാ ഹാളുകളെന്നിവിടങ്ങളിലും പ്രാബല്യത്തില്‍ വരും. എന്‍ എച്ച്‌ എസിന്റെ കോവിഡ് ആപ്പില്‍ അപ്ഗ്രഡേഷന്‍ വരുത്തി കഴിഞ്ഞാല്‍ ഉടന്‍ ഇത് ആരംഭിക്കും. ഇതുവഴി തങ്ങള്‍ വാക്സിന്‍ എടുത്തു എന്നകാര്യം തെളിയിക്കാന്‍ പൗരന്മാര്‍ക്ക് സാധിക്കും.
എന്നാല്‍, ഈ തിരുമാനം വലിയൊരു രാഷ്ട്രീയ വിവാദത്തിന് കളമൊരുക്കിയിരിക്കുകയാണ്. തീര്‍ത്തും വിവേചനപരവും ആളുകളെ ഭിന്നിപ്പിക്കുന്നതുമായ ഒരു തീരുമാനമെന്നാണ് ടോറി എം പിമാരും മുതിര്‍ന്ന ലേബര്‍ നേതാക്കളും അടങ്ങുന്ന 72 എം പി മാര്‍ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവനയില്‍ ഇതിനെ കുറിച്ച്‌ പറയുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു നിയമമാക്കുന്ന കാര്യത്തില്‍ ബോറിസ് ജോണ്‍സന് ഏറെ ക്ലേശിക്കേണ്ടിവരും എന്നതുറപ്പാണ്. അതേസമയം, ജൂണ്‍ 21 ന് എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുവാനുള്ള പദ്ധതി ഇപ്പോള്‍ പൂര്‍ണ്ണമായും കോവിഡ് പാസ്സ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ലഭിക്കുന്ന വിവരം.

വരുന്ന വേനലിനു മുന്‍പായി സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുവാന്‍ കോവിഡ് പാസ്സ്പോര്‍ട്ട് അത്യാവശ്യമാണെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വാക്സിന്‍ പാസ്സ്പോര്‍ട്ട് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം പകരും എന്ന ബോറിസ് ജോണ്‍സന്റെ പ്രസ്താവനയും സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. വിദേശയാത്രകള്‍ക്ക് കോവിഡ് പാസ്സ്പോര്‍ട്ട് അത്യാവശ്യമാകുന്ന കാലം വരുന്നു. അത് അഭ്യന്തരകാര്യത്തിലും ഉപയോഗപ്പെടുത്താം എന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്. വരുന്ന തിങ്കളാഴ്‌ച്ച ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും എന്നാണ് കരുതുന്നത്. തീയറ്ററുകള്‍, സ്റ്റേഡിയം തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രിമാര്‍ കരുതുന്നു. എന്നാല്‍, ഭരണകക്ഷി എം പി മാരില്‍ നിന്നുള്‍പ്പടെ ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഉപദേശകനായ പ്രൊഫസര്‍ റോബര്‍ട്ട് വരെ ഇതിനെ വിമര്‍ശിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് ഒരുതരം വ്യാജ സുരക്ഷിതത്വബോധം നല്‍കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ലോക്ക്ഡൗണ്‍ നീക്കം ചെയ്യലിന്റെ അടുത്ത ഘട്ടം ഏപ്രില്‍ 12 നാണ്. അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം ജിമ്മുകളും ഹെയര്‍ഡ്രസ്സിഗ് സലൂണുകള്‍ തുടങ്ങിയവയും തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. അതേസമയം, ചുരുക്കം ചില രാജ്യങ്ങളിലേക്ക് മാത്രമായി വിദേശ യാത്ര അനുവദിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. അതേസമയം, ഏപ്രില്‍ 12 മുതല്‍, ഔട്ട്ഡോര്‍ ഇടങ്ങളില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാവു എന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ഹോസ്പിറ്റാലിറ്റി മേഖല. ഇന്‍ഡോര്‍ ഇടങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 40 ശതമാനം ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാനുള്ള അനുവാദം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതേസമയം, കടുത്ത എതിര്‍പ്പുകള്‍ ഉയരുമ്ബോഴും വാക്സിന്‍ പാസ്സ്പോര്‍ട്ടുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. വരാന്‍ പോകുന്ന എഫ് എ കപ്പ് ഫൈനലിലും വേള്‍ഡ് സ്നൂക്കര്‍ ചാമ്ബ്യന്‍ഷിപ്പിലും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയേക്കും എന്നറിയുന്നു.

അതേസമയം, കോവിഡ് പാസ്സ്പോര്‍ട്ടിനുള്ള ഒരു മാനദണ്ഡം മാത്രമാണ് വാക്സിന്‍ എന്ന് വ്യക്തമാക്കി കള്‍ച്ചറല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ രംഗത്തെത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വഴിയും അല്ലെങ്കില്‍ നേരത്തേ കോവിഡ് ബാധിച്ച്‌ സുഖം പ്രാപിച്ചതിനാല്‍, ശരീരത്തില്‍ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് തെളിയിച്ചാലും ഈ പാസ്സ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here