ധാക്ക : കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 5 രാവിലെ 6 മുതല്‍ ഏപ്രില്‍ 11 രാത്രി 12 മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 6 മണിക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. പൊതുഗതാഗതം ,പൊതുമാര്‍ക്കറ്റുകള്‍ എന്നിവ പൂര്‍ണമായും രാജ്യത്ത് നിര്‍ത്തലാക്കും. അതെ സമയം വിമാനസര്‍വീസുകള്‍ക്കും വിലക്കുണ്ട്.
രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7087 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6,37,364 ആയി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഞായറാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് 53 പേര്‍ക്ക് കൂടി ജീവന് നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 9226 ആയി ഉയര്‍ന്നു .