Home Europe മിന്നല്‍ മുരളി ഇന്ത്യയ്ക്ക് പുറത്തും വമ്ബന്‍ ഹിറ്റ് ; ആഗോള ലിസ്റ്റില്‍ ഇംഗ്ലീഷിതര സിനിമകളില്‍ നാലാം...

മിന്നല്‍ മുരളി ഇന്ത്യയ്ക്ക് പുറത്തും വമ്ബന്‍ ഹിറ്റ് ; ആഗോള ലിസ്റ്റില്‍ ഇംഗ്ലീഷിതര സിനിമകളില്‍ നാലാം സ്ഥാനം; ഇതുവരെ കണ്ടത് 59 ലക്ഷം മണിക്കൂറെന്ന് നെറ്റ്ഫ്‌ളിക്‌സ് ; പ്രവാസികളും വീടുകള്‍ തിയേറ്ററുകളാക്കുമ്ബോള്‍

101
0

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍

ലണ്ടന്‍ : ടോവിനോ നായകനായ മിന്നല്‍ മുരളി ആഗോള തലത്തിലും വമ്ബന്‍ ഹിറ്റ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലീഷ് ഇതര സിനിമകളില്‍ മിന്നല്‍ മുരളി നാലാം സ്ഥാനത്തു എത്തിയിരിക്കുകയാണ് . ഇതോടെ നെറ്റ്ഫ്‌ളിക്‌സ് തന്നെ സിനിമക്ക് വേണ്ടി വന്‍പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് . സോഷ്യല്‍ മീഡിയ ഫ്‌ളാറ്റുഫോമുകളിലും ഫിലിം റിവ്യൂ നെറ്റ്‌വര്‍ക്കിലും എല്ലാം മിന്നല്‍ മുരളിക്ക് വമ്ബന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. യുകെയില്‍ സിനിമ ഇംഗ്ലീഷ് ഓഡിയോ വേര്‍ഷനിലും ലഭിക്കുമെന്നതിനാല്‍ മലയാളികള്‍ അല്ലാത്ത കാഴ്ചക്കാരെയും ലഭിക്കുന്നു എന്നാണ് സൂചനകള്‍ . ചിത്രം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു എന്നതോടെയാണ് ആഗോള ലിസ്റ്റില്‍ കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത് . നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ പ്രകാരം ഡിസംബര്‍ 29 വരെ മിന്നല്‍ മുരളി 59 ലക്ഷം മണിക്കൂറാണ് പ്രേക്ഷകരില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത് . ഇത് ഓണ്‍ലൈന്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുത്തന്‍ ചരിത്രമാണ് .

മലയാളത്തിനൊപ്പം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , കന്നഡ , തെലുങ് ഭാഷകളിലും മിന്നല്‍ മുരളി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും എന്നതും ടോപ് ചാര്‍ട്ടില്‍ മിന്നല്‍ പോലെ ഇടം പിടിക്കാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു . കുടുംബങ്ങളുടെ സ്വീകരണം , കുട്ടികള്‍ക്ക് വേണ്ടി നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളില്‍ ടോപ് ലിസ്റ്റില്‍ എത്താന്‍ നിമിഷ വേഗത്തിലാണ് ടോവിനോ ചിത്രത്തിന് സാധിച്ചത് . മികച്ച നിരൂപക ശ്രദ്ധ ലഭിച്ചതും സിനിമ കാണാന്‍ കാണികളെ ഏറെ പ്രേരിപ്പിച്ചു എന്നതും ഈ ടോപ് ലിസ്റ്റ് പദവിക്ക് കാരണമാണ്. ആഗോള ഇംഗ്ലിഷിതര ചിത്രങ്ങളില്‍ മിന്നല്‍ മുരളിക്ക് നാലാം സ്ഥാനം ലഭിച്ചതോടെ നെറ്റ്ഫ്‌ളിക്‌സ് തന്നെ ചിത്രത്തിന്റെ പ്രചാരവും ഏറ്റെടുത്തു. പ്രധാന വാര്‍ത്ത മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരെ ചിത്രത്തിന്റെ പ്രോമോ വിഡിയോകള്‍ കര്‍ട്ടന്‍ റൈസറുകളായി എത്തിയതും ശ്രദ്ധേയമായി .

കുട്ടിച്ചാത്തനും അങ്കിള്‍ ബണും ഒക്കെ എങ്ങനെ കുടുംബങ്ങള്‍ കുട്ടികളും ഒത്തു ആസ്വദിച്ചു എന്നതിന് സമാനമായ തരത്തിലാണ് മിന്നല്‍ മുരളിക്ക് മലയാള സിനിമ പ്രേമികള്‍ സ്വീകരണം നല്‍കിയത് . ഏറെക്കാലത്തിനു ശേഷമാണു ഇത്തരം ഒരു സിനിമ മലയാളത്തിന് ആസ്വദിക്കാന്‍ ലഭിച്ചത് എന്നതും നിറമനസോടെ ആബാലവൃദ്ധം സിനിമ പ്രേമികള്‍ മിന്നല്‍ മുരളിയെ ഏറ്റെടുക്കാന്‍ കാരണമായി.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ താരചിത്രങ്ങളായ മരക്കാരും കുറുപ്പും ഒക്കെ തിയറ്റര്‍ റിലീസ് ആയി യുകെയില്‍ അടക്കം എത്തിയെങ്കിലും അതിനെയൊക്കെ കവച്ചു വയ്ക്കുന്ന സ്വീകരണമാണ് വിദേശത്തെ മലയാളി പ്രേക്ഷകര്‍ മിന്നല്‍ മുരളിക്ക് സമ്മാനിച്ചിരിക്കുന്നത് . ഡിസംബര്‍ 24 നു നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ചിത്രം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടത്തോടെ മലയാളികള്‍ നെറ്റ് ഫ്‌ളിക്‌സ് വരിക്കാരായി.

തിയറ്റര്‍ അനുഭവം വീടുകളില്‍ തന്നെ

വിദേശത്തെ മിക്ക മലയാളി കുടുംബങ്ങളിലും വലിയ ടിവി സ്‌ക്രീനുകളും ഹോം തിയറ്റര്‍ സംവിധാനവും ഒക്കെ ഉള്ളതിനാല്‍ മിനി തിയറ്റര്‍ അനുഭവം ലഭിക്കും എന്നതും നെറ്റ്ഫ്‌ളിക്‌സ് സിനിമയിലേക്ക് അനേകം പേരെ ആകര്‍ഷിക്കാനും കാരണമായിട്ടുണ്ട് . പ്രത്യേകിച്ചും പുത്തന്‍ സിനിമകള്‍ കാണാന്‍ അവസരം ഉണ്ട് എന്നതിനാല്‍ മാസാവരി സംഖ്യ ആരും വലിയൊരു തുകയായി കാണുന്നുമില്ല . മാത്രമല്ല എപ്പോള്‍ വേണമെങ്കിലും നെറ്ഫ്‌ളിക്സുമായുള്ള കരാര്‍ അവസാനിപ്പിക്കാം എന്നതും പ്രേക്ഷകര്‍ക്ക് നേട്ടമാണ് . ഒരു സിനിമ തിയറ്ററില്‍ പോയി കാണാന്‍ ചുരുങ്ങിയത് കുടുംബം ഒന്നാകെ പോകുമ്ബോള്‍ വലിയ തുക മുടക്കേണ്ടി വരുമ്ബോള്‍ അതിന്റെ അഞ്ചിലൊന്ന് പണത്തിനു സിനിമ വീട്ടിലിരുന്നു കാണാം എന്നതും നേട്ടമായി കാണുകയാണ് സാധാരണ പ്രേക്ഷകര്‍ .

ഓമിക്രോണില്‍ കോവിഡ് തീക്കാറ്റായി പടരുമ്ബോള്‍ എത്ര മോഹ സിനിമ ആയാലും തിയറ്ററിലേക്ക് ഇല്ലെന്ന തീരുമാനം എടുത്ത കുടുംബങ്ങളുടെ മുന്നിലേക്കാണ് ക്രിസ്മസ് സമ്മാനം എന്ന പോലെ മിന്നല്‍ മുരളി എത്തുന്നത് . ഒട്ടും വൈകിയില്ല പിന്നാലെ ദുല്‍ഖര്‍ ചരിത്രം സൃഷ്ടിച്ച കുറുപ്പും എത്തി . അവിടം കൊണ്ടും തീര്‍ന്നില്ല , സുരേഷ് ഗോപി നായകനായ കാവല്‍ കൂടി നെറ്ഫ്‌ളിക്‌സില്‍ എത്തിയതോടെ മടിച്ചു നിന്നവര്‍ പോലും നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായി മാറിയിരിക്കുകയാണ് . ഇതോടെ ഇനി തിയറ്റര്‍ റിലീസുകള്‍ കോവിഡ് കാലത്തെങ്കിലും പച്ച പിടിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട് .

വമ്ബന്‍ ചിത്രങ്ങള്‍ ഒറ്റയടിക്ക് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതും ആവേശമായി

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്റര്‍ റിലീസുകള്‍ പോലും വീട്ടിലിരുന്നു മികച്ച തിയറ്റര്‍ അനുഭവത്തോടെ കാണാമെങ്കില്‍ എന്തിനു കോവിഡ് റിസ്‌ക് എടുത്തു തിയറ്ററില്‍ പോകണം എന്ന ചിന്തയ്ക്കു കൂടിയാണ് മിന്നല്‍ മുരളിയും കുറുപ്പും കാവലും ചേര്‍ന്ന് കരുത്തു പകര്‍ന്നിരിക്കുന്നത് . നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായതോടെ മികച്ച ഇംഗ്ലീഷ് , ഹോളിവുഡ് സിനിമകള്‍ കൂടി കാണാം എന്നതും നേട്ടമായി കരുതുകയാണ് സിനിമ പ്രേക്ഷകര്‍ . പുതുവര്‍ഷത്തില്‍ താരരാജാക്കന്മാരുടെ അടക്കം ഓ ടി ടി പ്ലാറ്റഫോമിലേക്കു എത്തുന്നു എന്നതും ഇനിയുള്ള കാലം വീടുകളില്‍ ഇരുന്നു സിനിമ ആസ്വദിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ് .

മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ഡിസ്നി ഹോട്ട് സ്റ്റാറില്‍ എത്തും എന്നുറപ്പായിരിക്കെ നെറ്റ്ഫ്‌ളിക്‌സില്‍ അടക്കം വരും കാല മലയാള സിനിമകളെ കൂടുതലായി എത്തിക്കും എന്ന പ്രതീക്ഷയും പ്രേക്ഷകരില്‍ എത്തിയിട്ടുണ്ട് . ഇതും മിന്നല്‍ മുരളി കാണുവാന്‍ ഉള്ള ആവേശത്തിനൊപ്പം നെറ്റ്ഫ്‌ളിക്‌സ് വരിക്കാരാകാന്‍ മലയാളികളെ പ്രേരിപ്പിച്ചു എന്ന വിലയിരുത്തലാണ് മലയാള സിനിമ നിര്‍മ്മാതാക്കള്‍ അടക്കം പങ്കിടുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here