Home America ഷാജി വര്‍ഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി

ഷാജി വര്‍ഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി

36
0

ന്യൂജേഴ്‌സി : ഫൊക്കാനയുടെ 2022-24 ഭരണസമിതി തെരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി ന്യൂജേഴ്‌സിയില്‍ നിന്ന് ഷാജി വര്‍ഗീസ് മത്സരിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ( മഞ്ച് ) സ്ഥാപക നേതാവും പ്രഥമ പ്രസിഡന്‍റും നിലവിലെ ട്രസ്റ്റി ബോര്‍ഡ് ചെയമാനുമായ ഷാജി വര്‍ഗീസ് മഞ്ചിനെ പ്രതിനിധീകരിച്ചാണ് മത്സര രംഗത്തുള്ളത്. മഞ്ച് എക്സിക്യൂട്ടീവ് ഷാജിക്ക് എല്ലാ വിധ പിന്തുണയും നല്‍കിക്കഴിഞ്ഞു. അടുത്ത മാസം ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പൂര്‍ണ അംഗീകാരം നല്‍കും.

ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് മഞ്ച് എന്ന സംഘടന ന്യൂജേഴ്‌സിയില്‍ രൂപീകരിക്കപ്പെടുന്നത്. സംഘടന രൂപീകൃതമായ കാലം മുതല്‍ ന്യൂജേഴ്സിയിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തന കര്‍മ്മ മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത സംഘടനയായി വളര്‍ത്തിക്കൊണ്ടു വരുവാന്‍ ഷാജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഫൊക്കാനയുടെ ഗതിവിഗതികള്‍ നിയയന്ത്രിക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരായ നേതാക്കന്മാരെ സമ്മാനിക്കാനും മഞ്ചിനു കഴിഞ്ഞു.

സംഘടനയുടെ പ്രഥമ പ്രസിഡന്‍റ് ആയിരുന്ന ഷാജി, ഫൊക്കാനയുടെ കാനഡ കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തമ്ബി ചാക്കോ പ്രസിഡന്‍റ് ആയിരുന്ന 2016-18 കാലയളവില്‍ ഫൊക്കാന ട്രഷറര്‍ ആയിരുന്ന ഷാജിയുടെ നേതൃത്വത്തില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഫൊക്കാനയില്‍ നടന്നത്.

കേരളത്തിലും അമേരിക്കയിലും ഒട്ടനവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് നടപ്പില്‍ വരുത്തുന്നതിനു നേതൃത്വം നല്‍കാനും ഷാജിക്ക് കഴിഞ്ഞു. ന്യൂജേഴ്‌സിയിലെ നിരവധിയായ കര്‍മ്മമണ്ഡലങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികൂടിയായ ഷാജി പിന്നീട് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവുമായി . നിലവില്‍ ജോര്‍ജി വര്‍ഗീസ് ടീമിലെ ന്യൂജേഴ്‌സി റീജണല്‍ വൈസ് പ്രസിഡന്‍റ് ആണ് ഷാജി.

മഞ്ചിനെ ന്യൂജേഴ്സിയിലെ ഏറ്റവും മികച്ച സംഘടനകളിലൊന്നാക്കി വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഷാജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. ഫൊക്കാനയിലെ ഏറ്റവും സ്വാധീനവും പെരുമയുമുള്ള അംഗസംഘടനയായി മഞ്ചിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഷാജിയുടെ പങ്ക് ഏറെ നിസ്തുലമാണെന്ന് മഞ്ച് പ്രസിഡന്‍റ് മനോജ് വാട്ടപ്പള്ളില്‍ പറഞ്ഞു. ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ സാന്നിധ്യമാണ് മഞ്ചിനെ ഫോക്കാനയുടെ അവിഭാജ്യഘടകമാക്കി മാറ്റാന്‍ കാരണമായത്. അതിനായി ഷാജി വഹിച്ച പങ്കിനുള്ള അംഗീകാരമായിട്ടാണ് അദ്ദേഹത്തെ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ പിന്തുണ നല്‍കുന്നതെന്നും മഞ്ച് എക്സിക്യൂട്ടീവ് ഭാരവാഹികള്‍ വ്യക്തമാക്കി.

മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തില്‍ കൗണ്‍സില്‍ മെമ്ബര്‍ ആയി 5 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ഷാജി നാട്ടില്‍ സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എംജിസി.എസ്‌എമ്മിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കോട്ടയം ബസേലിയോസ് കോളജില്‍ നിന്നാരംഭിച്ച യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജമാണ് അദ്ദേഹത്തെ ഒരു മികച്ച സംഘടനാ പ്രവര്‍ത്തകനാക്കി മാറ്റിയത്.മെട്രോട്രെസ്‌ ഇന്‍ഫ്രസ് സ്ട്രക്ചറിന്‍റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്ന ഷാജി പിന്നീട് അക്കൗണ്ടന്‍റ് എക്സിക്യൂട്ടീവ് ആയി ഗള്‍ഫിലേക്ക് തന്‍റെ പ്രവര്‍ത്തനമേഖല മാറ്റി. 1992ല്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ ഒരു ഹെല്‍ത്ത് കെയര്‍ കമ്ബനിയില്‍ ഐടിമാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ഭാര്യ : സൂസന്‍ വര്‍ഗീസ് ( ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ന്യൂവാര്‍ക്ക്) . മക്കള്‍: റ്റിഫണി, ടാനിയ, ടിയ.

ഫ്രാന്‍സിസ് തടത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here