Home Gulf വിടവാങ്ങിയത് ഹൃദയവിശാലതയുടെ ആള്‍രൂപം

വിടവാങ്ങിയത് ഹൃദയവിശാലതയുടെ ആള്‍രൂപം

20
0

അബൂദബി : ഹൃദയവിശാലതയുടെ ആള്‍രൂപമാണ് വിടവാങ്ങിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേര്‍ത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്. 1948 സെപ്റ്റംബര്‍ ഏഴിനാണ് ജനനം. അബൂദബി എമിറേറ്റിന്‍റെ ഭരണാധികാരി, യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യന്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദബി ഇന്‍വെസ്റ്റ്മന്‍റെ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.

പിതാവ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍റെ വിയോഗ ശേഷം 2004 നവംബര്‍ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി ശൈഖ് ഖലീഫ സ്ഥാനമേറ്റെടുത്തത്. തൊട്ടടുത്ത ദിവസം യു.എ.ഇ പ്രസിഡന്‍റുമായി. 2014 ജനുവരിയില്‍ ശൈഖ് ഖലീഫക്ക് പക്ഷാഘാതം സംഭവിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുത്തിരുന്നു. 1948 സെപ്റ്റംബര്‍ ഏഴിന് അബൂദബി എമിറേറ്റിലെ അല്‍ ഐനിലെ അല്‍ മുവൈജി കൊട്ടാരത്തിലായിരുന്നു അബൂദബി റൂളേഴ്‌സ് കുടുംബാംഗമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍റെയും ഹസ്സ ബിന്ത് മുഹമ്മദ് ബിന്‍ ഖലീഫയുടെയും മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്. സാന്‍ഹര്‍സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

1966 മുതല്‍ നേതൃത്വത്തിലേക്ക്

1966ല്‍ പിതാവ് ശൈഖ് സായിദ് അബൂദബി ഭരണാധികാരിയായപ്പോള്‍ ശൈഖ് ഖലീഫ അബൂദബിയുടെ കിഴക്കന്‍ മേഖലയായ അല്‍ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി. 1969 ഫെബ്രുവരി ഒന്നിന് ശൈഖ് ഖലീഫയെ അബൂദബി കിരീടാവകാശിയായി നിയമിച്ചു. അടുത്ത ദിവസം അബൂദബി പ്രതിരോധ വകുപ്പിന്‍റെ തലവനായും നിയമിച്ചു. 1971ല്‍ യു.എ.ഇ രൂപീകൃതമായ ശേഷം അബൂദബി യു.എ.ഇ സായുധ സേനയുടെ കേന്ദ്രമായതോടെ പ്രതിരോധ സേനയുടെ മേല്‍നോട്ടവും ശൈഖ് ഖലീഫയെ തേടിയെത്തി. 1971ല്‍ യു.എ.ഇ സ്ഥാപിതമായശേഷം ശൈഖ് ഖലീഫ അബൂദബിയിലെ ഒട്ടേറെ പദവികള്‍ ഏറ്റെടുത്തു.

രാഷ്ട്ര പിതാവ് ശൈഖ് സായിദിനു കീഴില്‍ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവന്‍, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ച ശേഷം അബൂദബി മന്ത്രിസഭ അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സിലായി. 1973 ഡിസംബര്‍ 23ന് യു.എ.ഇയുടെ രണ്ടാം ഉപപ്രധാനമന്ത്രിയും 1974 ജനുവരി 20ന് അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായി. 1976 മെയിലാണ് രാഷ്ട്രപതിയുടെ കീഴില്‍ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറാകുന്നത്. 1980 അവസാനം അദ്ദേഹം സുപ്രീം പെട്രോളിയം കൗണ്‍സിലിന്‍റെ തലവനായി.

LEAVE A REPLY

Please enter your comment!
Please enter your name here