കുവൈത്ത് സിറ്റി : മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലാല്‍ കെയേഴ്‌സ് കുവൈത്ത് ചാപ്റ്റര്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങള്‍ ഒഴിവാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ലാല്‍ കെയേഴ്‌സ് പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്. മൂന്ന് പേര്‍ക്ക് ലാല്‍ കെയേഴ്‌സ് സഹായം നല്‍കി. ക്യാന്‍സര്‍ രോഗിയായ മകന്റെ ചികിത്സാവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ടിക്കറ്റ് എടുക്കാന്‍ ബുദ്ധിമുട്ടിലായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്ക് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലാല്‍ കെയേഴ്‌സ് വിമാന ടിക്കറ്റ് കൈമാറി. ട്രഷറര്‍ അനീഷ് നായരാണ് ടിക്കറ്റ് കൈമാറിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന മലപ്പുറം കാടാമ്ബുഴ സ്വദേശിനിക്കും ലാല്‍ കെയേഴ്‌സ് ചികിത്സാ സഹായം കൈമാറി. ലാല്‍ കെയേഴ്‌സ് ജോയിന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ ആണ് തുക കൈമാറിയത്.
വൃക്ക മാറ്റല്‍ ശസ്ത്രക്രിയക്കായി സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആലുവ ശ്രീമൂലനഗരം സ്വദേശിക്കായുള്ള ചികിത്സാ സഹായവും ലാല്‍ കെയേഴ്‌സ് നല്‍കി. ജനറല്‍ സെക്രട്ടറി ഷിബിന്‍ലാല്‍ ചാരിറ്റി കോഡിനേറ്റര്‍ അനസിന് ചികിത്സാ സഹായം കൈമാറി. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ ആരാധകരുടെ സംഘടനയായ ലാല്‍ കെയേഴ്‌സ് അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക വഴിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോവിഡ് കാലത്ത് ധാന്യ ഫുഡ് കിറ്റ് വിതരണവും മരുന്ന് വിതരണവും ഉള്‍പ്പെടെ ശ്രദ്ധേയ പ്രവര്‍ത്തനം സംഘടന കാഴ്ചവെച്ചിരുന്നു. അടുത്തിടെ ഓണ്‍ലൈന്‍ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സംഘടന വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു. ലാല്‍ കെയേഴ്‌സില്‍ അംഗത്വം എടുക്കുവാന്‍ ബന്ധപ്പെടേണ്ട നമ്ബറുകള്‍: ജോസഫ് :- 6559 2255, അഖില്‍ :- 559 36169.