Home America ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവര്‍ത്തന സാഹിത്യകാരന്‍ മുരളി നായര്‍ ചെയര്‍മാന്‍ ; ഗീത ജോര്‍ജ്...

ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവര്‍ത്തന സാഹിത്യകാരന്‍ മുരളി നായര്‍ ചെയര്‍മാന്‍ ; ഗീത ജോര്‍ജ് കോര്‍ഡിനേറ്റര്‍

58
0

2022 ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ഗ്ലോബല്‍ ഡിസ്‌നി കണ്‍വെന്‍ഷനൊടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരനും ഇമ്മിഗ്രേഷന്‍ അഭിഭാഷകനുമായ മുരളി ജെ. നായര്‍ ആണ് കമ്മിറ്റി ചെയര്‍മാന്‍. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം ഗീത ജോര്‍ജ് കോര്‍ഡിനേറ്റര്‍ ആയ കമ്മിറ്റിയില്‍ പ്രശസ്ത എഴുത്തുകാരന്‍ കോരസണ്‍ വറുഗീസ്‌, പ്രമുഖ സാഹിത്യകാരനും എഡിറ്ററുമായ ബെന്നി കുര്യന്‍, എന്നിവര്‍ കോ-ചെയര്‍മാരയും ആയും പ്രവര്‍ത്തിച്ചു വരികയാണ്. മാധ്യമ പ്രവര്‍ത്തകനും കേരള ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ ആണ് മോഡറേറ്റര്‍. മലയാളത്തില്‍നിന്നും മറ്റു ഭാരതീയഭാഷകളില്‍നിന്നും ഇംഗ്ളീഷിലേക്കുള്ള വിവര്‍ത്തനസാഹിത്യം കേന്ദ്രീകരിച്ചാണ് ഇക്കൊല്ലത്തെ ഫൊക്കാനാ സാഹിത്യസമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്. 1785-ല്‍ ചാള്‍സ് വില്‍ക്കിന്‍സ് ഭഗവത്ഗീത ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതുമുതല്‍ ഭാരതീയഭാഷകളില്‍നിന്ന് അനേകം ഗ്രന്ഥങ്ങള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്ത പരിഭാഷ രവീന്ദ്രനാഥടാഗോറിന്റെ ഗീതാഞ്ജലിയാണെന്നു പറയാം. ബംഗാളിയിലെഴുതപ്പെട്ട തന്റെ സ്വന്തം കൃതിയ്ക്ക് ടാഗോര്‍ തന്നെ നടത്തിയ പരിഭാഷയ്കായിരുന്നല്ലോ 1913-ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്.

പിന്നീട് ഭാരതീയരായ പല എഴുത്തുകാരും നോബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വിവര്‍ത്തന ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കലിതാ ഹിന്ദിയില്‍ നിന്നുള്ള ഇംഗ്ളീഷ് പരിഭാഷ ചെയ്യപ്പെട്ട ഒരു നോവലിനു ഇക്കൊല്ലത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് വരെ ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡായ ജെ.സി.ബി. പ്രൈസ് അടുത്തകാലത്തായി മലയാളത്തില്‍ നിന്നുള്ള രണ്ടു ഇംഗ്ളീഷ് പരിഭാഷകള്‍ക്കാണ് ലഭിച്ചത്. വിവര്‍ത്തനസാഹിത്യത്തെപ്പറ്റിയൊരു വിശദപഠനത്തിനു പറ്റിയ സമയം ഇതുതന്നെയാണെന്ന വിലയിരുത്തലാണ് ഫൊക്കാന ഇക്കുറി സാഹിത്യ ചര്‍ച്ചയുടെ വിഷയം വിവര്‍ത്തന സാഹിത്യ ശാഖയെക്കുറിച്ചക്കാന്‍ തീരുമാനിച്ചത്. മലയാളത്തില്‍നിന്ന് ഇംഗ്ളീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള വിവിധ പുസ്തകങ്ങളെപ്പറ്റിയുള്ള അവലോകനത്തിനും ചര്‍ച്ചയ്ക്കും ഈ സമ്മേളനം വേദിയാകുമെന്നാണ് കരുതുന്നത്. കൂടാതെ പങ്കെടുക്കുന്നവരുടെ എഴുത്തനുഭവങ്ങള്‍ മുന്‍ നിര്‍ത്തി വട്ടമേശ സമ്മേളനത്തിന്റെ ഫോര്‍മറ്റിലുള്ള ഒരു സംവാദവും ഉണ്ടായിരിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി കേരളത്തില്‍നിന്നു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന എഴുത്തുകാരെപ്പറ്റിയുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കുന്നതാണ്.

ഈ സമ്മേളനം നയിക്കുന്നു മുരളി ജെ. നായര്‍ ഇംഗ്ളീഷിലും മലയാളത്തിലും കൃതികള്‍ പ്രസിധ്ധീകരിച്ചിട്ടുള്ള സാഹിത്യകാരനെന്നതിനുപുറമേ ഒരു വിവര്‍ത്തകനും കൂടിയാണ്. വി.ജെ. ജയിംസിന്റെ “ചോരശാസ്ത്രം” ഇദ്ദേഹമാണു ഇംഗ്ളീഷിലീക്കു വിവര്‍ത്തനം ചെയ്തത്. ‘Chorashastra, The Subtle Science of Thievery’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പരിഭാഷ ബാംഗ്ളൂരിലെ ‘ആട്ട ഗലാട്ടാ ലിറ്റററി പ്രൈസി’ന്‍്റെ അവസാന അഞ്ചില്‍ എത്തിയിരുന്നു. ഇദ്ദേഹം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ വേറെയും കഥകള്‍ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗള്‍ഫിലുമുള്ള മലയാളം, ഇംഗ്ളീ‌ഷ് പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി അനേകം ലേഖനങ്ങളും യാത്രാവിവരണങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി ജെ. നായര്‍, നൂറിലേറെ ലോകരാജ്യങ്ങളിലും അമേരിക്കയിലെ നാല്പത്തിയഞ്ചിലധികം സ്റ്റേറ്റുകളിലും സഞ്ചരിച്ചിട്ടുമുണ്ട്.

പുസ്തകരൂപത്തിലുള്ള ആദ്യകൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ഗ്രീക് യാത്രാവിവരണമായ ‘ഇതിഹാസങ്ങളുടെ മണ്ണില്‍’ ആണ്. മലയാളത്തിലുള്ള മറ്റു കൃതികള്‍ നിലാവുപൊഴിയുന്ന ശബ്ദം (കഥകള്‍), സ്വപ്നഭൂമിക (നോവല്‍), ഹണ്‍ടിംഗ്ഡണ്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍ (കഥകള്‍) എന്നിവയാണ്. ഇംഗ്ലിഷില്‍ The Monsoon Mystic എന്ന നോവലും പ്രസിധീകരിച്ചിട്ടുണ്ട്. 2000-ത്തിലെ ഫൊക്കാന ചിന്താധാരാ സ്വര്‍ണമെഡല്‍ അടക്കമുള്ള വിവിധ ഫോക്കാനാ അവാര്‍ഡുകള്‍, മാമ്മന്‍ മാപ്പിള അവാര്‍ഡ്‌, ഹ്യുസ്റ്റന്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡ്, ട്രൈസ്റ്റേറ്റ് കേരളഫോറം അവാര്‍ഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫിലഡല്‍ഫിയയില്‍ സ്വന്തമായി ഇമ്മിഗ്രേഷന്‍ ലോ അറ്റോര്‍ണി ഫേം നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
ഫ്രാന്‍സിസ് തടത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here