ന്യൂഡെല്‍ഹി : രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നു. രാജ്യ തലസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ കടുത്തശിക്ഷയാണ് നല്‍കുന്നത്. ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ചു വര്‍ഷം തടവുശിക്ഷയോ ലഭിക്കുമെന്ന് ഡെല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു. നിരോധനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. നിരോധിക്കപ്പെട്ട 19 പ്ലാസ്റ്റിക് ഇനങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് ഡെല്‍ഹി സര്‍കാര്‍ ഇതിനകം തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അവഗണിച്ചാല്‍ അടുത്തതായി ശിക്ഷാ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണ പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സര്‍കാര്‍ മുന്‍ഗണന നല്‍കുന്നത്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ സമിതിയും റവന്യൂ വകുപ്പും മുനിസിപല്‍ കോര്‍പറേഷനും പരിശോധനകള്‍ സംഘടിപ്പിക്കും. ജൂലൈ പത്തുവരെ നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കും. അതിനു ശേഷം ശിക്ഷാ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി പറഞ്ഞു.