Home America കേരളത്തില്‍ 70 ലക്ഷം പേര്‍ക്ക് വാട്ടര്‍ കണക്ഷന്‍ കൊടുക്കും ; മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തില്‍ 70 ലക്ഷം പേര്‍ക്ക് വാട്ടര്‍ കണക്ഷന്‍ കൊടുക്കും ; മന്ത്രി റോഷി അഗസ്റ്റിന്‍

22
0

അടുത്ത 4 വര്‍ഷം കൊണ്ട് 70 ലക്ഷം കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ന്യൂയോര്‍ക്കിലെ സന്തൂര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രവാസികേരള കോണ്‍ഗ്രസ് അംഗങ്ങളുടെയും അനുഭാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങള്‍ക്കു മുന്‍ഗണന നല്‍കി 10 ലക്ഷം വാട്ടര്‍ കണക്ഷന്‍ ഇതിനകം നല്‍കിയതായി മന്ത്രി പറഞ്ഞു. പ്രവാസി കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക് ചാപ്റ്റര്‍ സെക്രട്ടറി ജോസ് മലയില്‍ മന്ത്രിയെ പരിചയപ്പെടുത്തി. യൂത്ത് ഫ്രണ്ട് ഭാരവാഹികളയായി ഒന്നിച്ചു പ്രവര്‍ത്തിച്ച കാലം ജോസ് മലയില്‍ ഓര്‍മിച്ചു. സ്വാഗതമാശംസിച്ച കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സി വര്ഗീസ് (സലിം) പ്രവാസികളുടെ ഇടയില്‍ വലിയ പിന്തുണ കേരള കോണ്‍ഗ്രസിനുണ്ടെന്നു ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് നാട്ടിലും അമേരിക്കയിലും പലസഹായങ്ങളും എത്തിക്കാന്‍ കഴിയുന്നു. പാര്‍ട്ടി ആഗോളതലത്തില്‍ വളരുന്നു എന്നത് സന്തോഷം നല്‍കുന്നതായി സലിം പറഞ്ഞു

കെഎം മാണിസാറിന്റെ ശിഷ്യന്മാരില്‍ എന്നും സാറിന്റെ കീഴില്‍ ഉറച്ചു നിന്ന പാരമ്ബര്യമാണ് റോഷിക്കുള്ളതെന്നു അധ്യക്ഷ പ്രസംഗത്തില്‍ ബേബി ഊരാളില്‍ പറഞ്ഞു. തികഞ്ഞ ഈശ്വര വിശ്വാസികൂടിയായ റോഷി അഗസ്റ്റിന്‍ മന്ത്രി ആകാന്‍ പോകുന്നതിനു മുന്‍പ് ആദ്യം പോയത് തനറെ പിതാവിന്റെ അരികിലേക്കാണ്. പിന്നീട് മാണിസാറിന്റെ ഓര്‍മ്മകള്‍ നില്‍ക്കുന്ന സെമിത്തേരിയില്‍ എത്തി കുമ്ബിട്ടാണ് സത്യപ്രതിജ്ഞക്കു പോയത്. വന്ന വഴി മറക്കാത്ത പൊതു പ്രവര്‍ത്തകനാണ് റോഷി അഗസ്റിനെന്നു ഊരാളില്‍ പറഞ്ഞു. പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ മാണിസാറിനെ പിന്നില്‍ നിന്ന് കുത്താതെ കൂടെചങ്കായി നിന്ന പാരമ്ബര്യമാണ് റോഷിക്കുള്ളത്.

താന്‍ ഏഴാം വയസില്‍ തന്റെ പിതാവിന്റെ തോളില്‍ ഇരുന്നു മാണിസാറിന് മാലയിട്ടതാണെന്നും അന്ന് മുതല്‍ ഇന്ന് വരെ പാര്‍ട്ടിയെയും മാണിസാറിന്റയും ഹൃദയത്തില്‍ സ്ഥാനം പിടിച്ചു പ്രവര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഒരിക്കല്‍ ജില്ലാ പഞ്ചായത്തിലേക്കു നോമിനേഷന്‍ കൊടുത്തു പ്രവര്‍ത്തനങ്ങള്‍ നീക്കി മുന്‍പോട്ടു പോയപ്പോള്‍ പാലായിലേക്ക് വിളിപ്പിച്ചു മുന്നണി സംവിധാനത്തില്‍ നമുക്കു വിട്ടു വീഴ്ച ചെയ്യേണ്ടതു കൊണ്ട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ കൂടെ ഉള്ള ചെറുപ്പക്കാര്‍ പ്രകടനം നടത്തി. അപ്പോളും അവരെ പറഞ്ഞു മനസിലാക്കി മാണിസാറിനെ അനുസരിച്ചു.

പിന്നീട് അങ്ങോട്ട് തെരെഞ്ഞെടുപ്പില്‍ തോല്‍വി അറിയാതെ മുന്നേറാന്‍ മാണി സര്‍ വഴി ഒരുക്കി തന്നു. ഒരിക്കല്‍ എകെ ആന്റണിയോട് മാണി സര്‍ പറഞ്ഞു വരാന്‍ പോകുന്ന നിയമസഭയില്‍ ഈ ചെറുപ്പക്കാരന്‍ കാണുമെന്ന്. കേട്ടപ്പോള്‍ നടക്കാത്ത കാര്യമെന്ന് തോന്നിയെങ്കിലും 2001 ല്‍ ആദ്യം ഇടുക്കിയില്‍ നിന്നും നിയമസഭയിലെത്തി. പിന്നീട് ഇടുക്കിയില്‍ തോല്‍വി അറിഞ്ഞില്ല. എല്ലാം മാണി സാറിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.

താന്‍ മന്ത്രിയായതിനു ശേഷം ജല വിഭവ വകുപ്പിനെ അഴിമതിമുക്ത വകുപ്പാക്കി. ജലം ഏറ്റവും വില കുറഞ്ഞ നിരക്കില്‍ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. എന്ത് വെല്ലുവിളികള്‍ നേരിട്ടാലും അത് തുടരും. 44 നദികള്‍ അതിന്റെ സൗന്ദര്യം നിലനിര്‍ത്തി മാലിന്യ വിമൂക്തമാക്കി മുന്നേറും. അതിനുള്ള പുതിയപരിപാടികള്‍ ആരംഭിക്കും. കേരളത്തിലെ ഡാമുകള്‍ മുന്‍നിര്‍ത്തി ഡാം ടൂറിസ സാധ്യതകള്‍ നടപ്പാക്കുന്നു. കേരള കോണ്‍ഗ്രസ് എല്‍ഡിഫ് ഭാഗമായപ്പോള്‍ കൂടുതല്‍ പിന്തുണ ലഭിച്ച അനുഭവമാണ് തനിക്കുള്ളതെന്ന് റോഷി പറഞ്ഞു . കാരണം കേരളത്തിന്റെ അടിയുറച്ചു മതേതര മനസാണ്. അതില്‍ വെള്ളം ചേര്‍ക്കാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളത് എന്നും റോഷി പറഞ്ഞു.

വര്‍ക്കി എബ്രഹാം , ജോസ് കാടാപുറം, മാത്യു വര്‍ഗിസ് പുതുക്കേരില്‍, കോശി തോമസ്, എബ്രഹാം കെ ഡാനിയേല്‍, ലാലി കളപ്പുരക്കല്‍, എലിസബത്ത് ഉമ്മന്‍ (ഫോമാ വിമന്‍സ് ഫോറം മെമ്ബര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ട്രഷറര്‍ ആന്റോ രാമപുരം നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ സ്വീകരണപരിപാടി സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here