Home Gulf ഇത്​ ദുബൈയുടെ കരുണ ; എഴുതിത്തള്ളിയത്​ ഒന്നര കോടിയുടെ ആശുപത്രി ബില്‍, മനോജ്​ നാളെ​ നാടണയും

ഇത്​ ദുബൈയുടെ കരുണ ; എഴുതിത്തള്ളിയത്​ ഒന്നര കോടിയുടെ ആശുപത്രി ബില്‍, മനോജ്​ നാളെ​ നാടണയും

31
0

ദുബൈ : അന്നം തേടിയെത്തിയവരെ ഹൃദയത്തോട്​ ചേര്‍ത്തുവെക്കുന്ന ദുബൈയുടെ കാരുണ്യത്തില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി മനോജ്​ നെല്ലിപ്പറമ്ബില്‍ വെള്ളിയാഴ്ച​ നാടണയും. നാല്​ വര്‍ഷത്തെ ചികിത്സയും കേസുകളും തീര്‍ത്ത ഏഴ്​ ലക്ഷം ദിര്‍ഹമിന്‍റെ (ഏകദേശം ഒന്നര കോടി രൂപ) ആശുപ​ത്രി ബില്ലും പിഴയും എഴുതിത്തള്ളിയാണ്​ ഈ 49കാരനെ നാട്ടിലേക്ക്​ അയക്കുന്നത്​​. ദുബൈ സര്‍ക്കാരിന്​ കീഴിലുള്ള റാശിദ്​ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. യു.എ.ഇയിലെ പ്രശസ്തമായ ബാങ്കില്‍ അസിസ്റ്റന്‍റ്​ മാനേജരായിരുന്ന മനോജിന്​​ നാല്​ വര്‍ഷമായി ദുരിതങ്ങളുടെ പെരുമഴയായിരുന്നു. മികച്ച ശമ്ബളത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ്​ 2018ല്‍ ജോലി നഷ്ടമാകുന്നത്​. ഇതോടെ സാമ്ബത്തിക പ്രതിസന്ധിയിലായ മനോജ്​ പുതിയ ജോലി അന്വേഷിക്കുമ്ബോഴാണ്​ പെട്ടന്നൊരു ദിവസം തളര്‍ന്നുവീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തത്​. ഇത് ഇയാളുടെ വലത് തുടയെല്ലിന് പൊട്ടലുണ്ടാക്കി. ദുബൈയിലെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയനാക്കി.

ആശുപത്രിയിലും റൂമിലും ചെലവഴിച്ച മനോജിനെ കുറിച്ച്‌​ വിവരം ഇല്ലാതായതോടെ മുന്‍പ്​ ജോലി ചെയ്തിരുന്ന ബാങ്ക്​ ഇദ്ദേഹത്തിനെതിരെ കേസ്​ ഫയല്‍ ചെയ്തു. പഴയ ബാങ്കിന്‍റെ വിസയിലായിരുന്ന ഇദ്ദേഹം ‘ഒളിച്ചോടി’ എന്ന പേരിലായിരുന്നു കേസ്​. ബാങ്കില്‍ നിന്നെടുത്ത വായ്പയും ക്രെഡിറ്റ്​ കാര്‍ഡ്​ തുകയും തിരിച്ചടക്കാതെ വന്നതോടെ മറ്റൊരു കേസും കൊടുത്തു. താമസിച്ചിരുന്ന ഫ്ലാറ്റിലും ഹോട്ടല്‍ അപ്പാര്‍ട്ട്​മെന്‍റിലും നല്‍കിയ ചെക്ക് ബാങ്കില്‍ പണമില്ലാതെ മടങ്ങിയതോടെ വീണ്ടും കേസായി. ഇതിനിടെ പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡിയും നഷ്ടപ്പെട്ടു. നാട്ടിലായിരുന്ന അമ്മക്ക്​ ശസ്ത്രക്രിയ വേണ്ടി വന്നതും അഛന്​ കാന്‍സറാണെന്നറിഞ്ഞതും അഛന്‍ മരിച്ചതും ഈ കാലയളവിലായിരുന്നു. കേസും ചികിത്സയുമുള്ളതിനാല്‍ ഈ സമയത്തൊന്നും നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല.

കാലിന്‍റെ കഠിനമായ വേദനയെ തുടര്‍ന്ന്​ ദുബൈ റാശിദ്​ ഹോസ്പിറ്റലില്‍ ​വീണ്ടും എത്തിച്ചപ്പോള്‍ ഇടുപ്പ്​ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. ലക്ഷം ദിര്‍ഹം (20 ലക്ഷം രൂപ) ചെലവ്​ വരുന്ന ഈ ചികിത്സ നടത്താനുള്ള സാമ്ബത്തികാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സാമൂഹിക പ്രവര്‍ത്തകരുടെ വാക്കിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നു. തുടര്‍ന്ന്​, സാമൂഹിക പ്രവര്‍ത്തകന്‍ മുബാറക് അരീക്കാടന്‍റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ നാടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. നിയമക്കുരുക്കുകള്‍ ഓരോന്നായി അഴിച്ചു. പഴയ പാസ്​പോര്‍ട്ടിന്​ പകരം പുതിയ പാസ്​പോര്‍ട്ടിന്​ അപേക്ഷ നല്‍കി. എന്നാല്‍, ആഴ്ചകള്‍ പിന്നിട്ടിട്ടും പാസ്പോര്‍ട്ട് ലഭിക്കാതായപ്പോഴാണ്​ നാട്ടില്‍ ഭാര്യ നല്‍കിയ മറ്റൊരു കേസാണ്​ തടസം എന്നറിയുന്നത്​.

നാട്ടില്‍ അഭിഭാഷകനെ നിയോഗിച്ച്‌​ ഈ കേസ്​ ഒഴിവാക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തി. കഴിഞ്ഞ ജൂണ്‍ 25ന്​ വീണ്ടും ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്​ റാശിദ്​ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു. രണ്ടര മാസത്തോളം സര്‍ജിക്കല്‍ ഐ.സിയുവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയില്‍ കിടന്നു. വലത് കാലിനുണ്ടായിരുന്ന മുറിവ് അണുബാധയെ തുടര്‍ന്ന്​ വഷളാവുകയും കാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റുകയും ചെയ്‌തു. വൃക്ക ഉള്‍പ്പെടെ ആന്തരികമായ പല അവയവങ്ങളും തകരാറിലായി. ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്​. റാശിദ്​ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പ്രയത്നത്തെ തുടര്‍ന്ന്​ മനോജിന്‍റെ നിലമെച്ചപ്പെടുകയും ഡിസ്​ചാര്‍ജ്​ ചെയ്യാം എന്നറിയിക്കുകയും ചെയ്തു.

ചികില്‍സ ചിലവ് ഇനത്തില്‍ 5.35 ലക്ഷം ദിര്‍ഹമായിരുന്നു ആശുപത്രിയില്‍ അടക്കേണ്ടത്​. വിസയില്ലാതെ ഇവിടെ കഴിഞ്ഞതിന്‍റെ പേരില്‍ 1.10 ലക്ഷം ദിര്‍ഹം പിഴയും അടക്കേണ്ടിയിരുന്നു. മനോജിന്‍റെ ദുരവസ്ഥ വിശദീകരിച്ച്‌​ ദുബൈ സര്‍ക്കാരിന്​ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്​ ആശുപത്രി ബില്ലും പിഴയും എഴുതിത്തള്ളി നാട്ടിലേക്കയക്കാന്‍ തീരുമാനമായത്​. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാതിരുന്ന മനോജിനെ നാല്​ വര്‍ഷമായി സഹായിച്ചത്​ സുഹൃത്തുകളായ പ്രവാസികളായിരുന്നു. ഹോസ്പിറ്റലിലെ കേസ് മാനേജ്മെന്‍റ്​ ടീമിലെ അസീസാ എന്ന ഉദ്യോഗസ്ഥയുടെ സഹായവും വിലമതിക്കാനാവാത്തതാണെന്ന്​ മുബാറക്​ അരിക്കാടന്‍ പറയുന്നു.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്​ പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, ബെന്നി ജോര്‍ജ് (വാള്‍ മിഡില്‍ ഈസ്റ്റ്), പി.വി. ജാബിര്‍ അബ്ദുല്‍ വഹാബ് (ബ്രിഡ്‌ജ്‌ വേ), സമീര്‍ ഹാജി (ഫ്‌ളെക്‌സി), അഷ്‌റഫ് തോട്ടോളി (ദുബൈ കെ.എം.സി.സി) തുടങ്ങിയവരും മനോജിനെ നാട്ടിലെത്തിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി. വെള്ളിയാഴ്ച​ പുലര്‍ച്ചയുള്ള വിമാനത്തില്‍ മനോജ്​ നാട്ടിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here