Home Europe മണ്ഡലകാലം ; ശരണം വിളിയുമായി യുകെയിലെ അയ്യപ്പ ഭക്തർ

മണ്ഡലകാലം ; ശരണം വിളിയുമായി യുകെയിലെ അയ്യപ്പ ഭക്തർ

41
0

കവന്‍ട്രി : മണ്ഡലകാലം പിറന്നതോടെ യുകെയിലും അയ്യപ്പ ഭക്തരുടെ ശരണം വിളികള്‍ നിറയുന്നു . ഒരിടവേളയ്ക്ക് ശേഷം യുകെയിലെ ഹിന്ദു സമാജങ്ങള്‍ കൂടുതല്‍ ഉണര്‍വോടെ പഴയ കാലത്തിലേക്ക് തിരിച്ചു വരുവാന്‍ കൂടി കാരണമാകുകയാണ് അയ്യപ്പ പൂജകള്‍. നിരവധി സ്ഥലങ്ങളിൽ അയ്യപ്പ പൂജകള്‍ ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ കൂടി വരും ദിവസങ്ങളില്‍ മണ്ഡല പൂജയുടെയും മകര വിളക്കിന്റെയും തീയതികള്‍ പ്രഖ്യാപിക്കും എന്നാണ് സൂചന.

ഓക്‌സ്‌ഫോര്‍ഡില്‍ അയ്യപ്പ പൂജകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഓക്‌സ്‌ഫോര്‍ഡിന് പിന്നാലെ വരും ദിവസങ്ങളിൽ നോര്‍ത്താംപ്ടന്‍, കേറ്ററിംഗ്, കെന്റ്, സ്വിണ്ടന്‍, ഡോര്‍സെറ്റ്, ബിര്‍മിങ്ഹാം, കവന്‍ട്രി, മാഞ്ചസ്റ്റര്‍, ക്രോയ്‌ടോന്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ന്യൂകാസില്‍, ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍, വാറ്റ്ഫോഡ്, വെയ്വിന്‍,ഹാംഷെയര്‍, സോസ്ബറി എന്നിവിടങ്ങളില്‍ അയ്യപ്പ പൂജ നടക്കും .മിക്കയിടങ്ങളിലും പ്രാദേശിക ഹിന്ദു സമാജങ്ങളാണ് നേതൃത്വം കൊടുക്കുന്നത്. ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ഇത്തവണ ഡിസംബര്‍ 26 നു കെട്ടുനിറ ചടങ്ങുകളോടെ തന്നെയാണ് പതിവ് പോലെ മണ്ഡലകാല പൂജ നടക്കുകയെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.

വെംബ്ലി അയ്യപ്പ ക്ഷേത്രത്തിലും ഈസ്റ്റ് ഹാം ക്ഷേത്രത്തിലും ഒക്കെ വലിയ തോതിലുള്ള അയ്യപ്പ പൂജകള്‍ക്കാണ് സ്വാമി ഭക്തര്‍ സാക്ഷികളാകുക. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തില്‍ നിന്നും പതിവ് പോലെ ഇത്തവണയും ഇരുമുടിയേന്തി അയ്യപ്പ ഭക്തര്‍ ബാലാജി സന്നിധിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. അയ്യപ്പ പൂജകളില്‍ കുട്ടികളടക്കമുള്ള സ്വാമി ഭക്തര്‍ ഭജനയും പാട്ടും ശരണം വിളിയുമായി സ്വാമി സന്നിധിയുടെ ചൈതന്യ പുണ്യം തേടിയെത്തുന്നതില്‍ ഓരോ വര്‍ഷവും ആള്‍ത്തിരക്കേറുന്നു എന്നതും പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here