ഒരു സീസണില്‍ 20 കോടി യൂറോക്ക് (1700 കോടി രൂപ) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി സൗദി ക്ലബ് അല്‍നാസര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ നിലനില്‍ക്കെ കോച്ചിനെതിരെ പരസ്യ നിലപാടുമായി മാധ്യമങ്ങളിലെത്തി ക്ലബ് വിട്ടതിനു പിന്നാലെയാണ് താരത്തെ സ്വന്തമാക്കാന്‍ സൗദി ക്ലബ് വന്‍തുക വാഗ്ദാനം ചെയ്തത്. 10 കോടി യൂറോയുടെ പ്രാഥമിക കരാറും പരസ്യമുള്‍പ്പെടെ മറ്റു വരുമാനങ്ങളും അടങ്ങിയതാകും കരാര്‍. സീസണില്‍ 7.5 കോടി യൂറോ വാങ്ങുന്ന മെസ്സിയും 7 കോടി ലഭിക്കുന്ന നെയ്മറുമാണിപ്പോള് ഏറ്റവും വിലകൂടിയ താരങ്ങള്‍. അത് തന്റെ പേരിലാക്കിയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ യൂറോപ്യന്‍ ലീഗുകള്‍ വിട്ട് സൗദിയിലെത്തുന്നത്. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു പുറമെ റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ക്കു വേണ്ടിയും ബൂട്ടുകെട്ടിയിരുന്ന സൂപര്‍ താരം നവംബര്‍ 22ന് ശേഷം ഏത് ടീമിലേക്കും മാറാവുന്ന ഫ്രീ ഏജന്റായി തുടരുകയായിരുന്നു. പരസ്പര ധാരണ പ്രകാരം യുനൈറ്റഡുമായി വഴിപിരിഞ്ഞതോടെയാണ് താരത്തിന് കൂടുമാറ്റം എളുപ്പമായത്. അതേസമയം, കരാര്‍ സംബന്ധിച്ച് അല്‍നാസര്‍ ക്ലബ് പ്രതികരിച്ചിട്ടില്ല.
ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകന് പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഭിമുഖമാണ് ക്രിസ്റ്റ്യാനോയും ക്ലബും തമ്മിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയത്. കോച്ച് ടെന്‍ ഹാഗിനെതിരെ തുറന്നടിച്ച താരം മുന്‍ കോച്ച് റാല്‍ഫ് റാങ്നിക്, ഇതിഹാസ താരം വെയ്ന്‍ റൂനി പോലുള്ളവര്ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. ഇതോടെ മറനീക്കി പുറത്തെത്തിയ അസ്വസ്ഥത ടീം വിടുന്നതിലെത്തിച്ചു. പുതിയ പരിശീലകനു കീഴില്‍ അവസരങ്ങള്‍ തീരെ കുറഞ്ഞതാണ് പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ സാന്നിധ്യം അപ്രസക്തമാക്കി തുടങ്ങിയത്. കൗമാരം കളിക്കാനെത്തിയതോടെ വെറ്ററന്‍ താരത്തിന് സ്വാഭാവികമായി കളിയവസരം കുറയുകയായിരുന്നു. പോര്‍ച്ചുഗലിനെ ലോകകപ്പ് കിരീടത്തോളം എത്തിക്കലാണ് ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചിരുന്നു. ബ്രസീലിനെതിരെ ഗോളടിച്ച് താരമായ കാമറൂണിന്റെ വിന്‍സന്റ് അബൂബക്കറും സൗദിയിലെ അല്‍നാസര്‍ ക്ലബില്‍ സഹതാരമാണ്. ബ്രസീല്‍ താരം ലൂയിസ് ഗുസ്താവോ, കൊളംബിയയയുടെ ഡേവിഡ് ഓസ്പിന, സ്പാനിഷ് താരം അല്‍വാരോ ഗൊണ്‍സാലസ് തുടങ്ങിയ പ്രമുഖരും അല്നാസറിനു വേണ്ടി കളിക്കുന്നുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനവുമായി നോക്കൗട്ടിലെത്തിയ പോര്‍ച്ചുഗലിനായി ഇതുവരെ റൊണാള്‍ഡോ ഒരു ഗോള്‍ നേടിയിട്ടുണ്ട്. ഘാനക്കെതിരെ പെനാല്‍റ്റിയിലായിരുന്നു താരത്തിന്റെ ഗോള്‍.