റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാര്‍ഷികം ‘കേളിദിനം 2023’ ന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൊക്ക-കോള കേളി മെഗാ ഷോ’ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അല്‍ ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും സംഗീത വിരുന്നൊരുക്കി. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില്‍ രാജ് തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത നിശ റിയാദിലെ പ്രവാസി സമൂഹത്തെ സംഗീത ലഹരിയില്‍ ആറാടിച്ചു. സൗദി അറേബ്യയിലെ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും, സൗദിയിലെ ആദ്യ സന്ദര്‍ശനം കേളിയോടൊപ്പമായതില്‍ വളരെയേറെ സന്തോഷം തോന്നുന്നു എന്നും റിമി ടോമി അഭിപ്രായപ്പെട്ടു.
കേളിയുടെ 22 വര്‍ഷത്തെ ചരിത്രം, ഹ്രസ്വ ചിത്രമായി പ്രൊഫസ്സര്‍ അലിയാരുടെ ശബ്ദത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തീര്‍ത്തും സൗജന്യ പ്രവേശനത്തോടെ സംഘടിപ്പിച്ച സംഗീതനിശ റിയാദിലെ പ്രവാസി സമൂഹത്തിന് കേളിയുടെ പുതുവത്സര സമ്മാനമാണെന്നും, കേളിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് പറഞ്ഞു. ഈ പുതുവത്സരത്തില്‍ കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റീവ് പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന കേളിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സാദിഖ് നടത്തി.