ലണ്ടന്‍ : ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വപ്ന ഭൂമിയായി തലയെടുപ്പോടെ നില്‍ക്കുന്ന സൂര്യനസ്തമിക്കാത്ത രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുകട്ടിയാവുന്പോള്‍ സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന വിദ്യാര്‍ഥികളുടെ നെഞ്ചുപിളര്‍ക്കുന്ന വിഷയമായി വലിയൊരു ഇരുട്ടടിയായി മാറുകയാണ് ഭാവിയില്‍. സ്ററുഡന്‍റ് വിസ സന്പ്രദായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ തുറന്നു പറയുന്പോള്‍ ലക്ഷങ്ങള്‍ വായ്പ്പയെടുത്ത് വിദേശത്തേയ്ക്ക് കുടിയേറി കുടുംബത്തെയും കുടുംബാംഗങ്ങളെയും കരകയറ്റാമെന്ന പ്രതീക്ഷകളുടെ കടയ്ക്കെല്‍ സര്‍ക്കാര്‍ കത്തിവെച്ചത് മലയാളി വിദ്യാര്‍ഥികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിയ്ക്കയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. ബ്രിട്ടനില്‍ ഉന്നത പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് ഒന്നാമത്. 2021 ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതില്‍ ഇന്ത്യക്കാരാണ് ഏറ്റവും മുന്നില്‍, 41 ശതമാനം. യുകെയില്‍ 6.80 ലക്ഷം വിദേശ വിദ്യാര്‍ഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. ഏതാണ്ട് 200 ഓളം യൂണിവേഴ്സിറ്റികളാണ് യുകെയിലുള്ളത്. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്‍റെ ചുവടുപിടിച്ചുള്ളതാണ് ഹോം സെക്രട്ടറി സുവെല്ല ബ്രാവര്‍മാന്‍റെ പദ്ധതികള്‍. ഇതാണിപ്പോള്‍ മലയാളികള്‍ക്ക് ഇരുട്ടടിയായി മാറുന്നത്.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പോലുള്ള സൗകര്യങ്ങളായിരിക്കും പ്രധാനമായും പരിമിതപ്പെടുത്തുക. പഠനശേഷം രാജ്യത്ത് തങ്ങുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി 6 മാസമായി കുറച്ചേക്കും. സ്റ്റുഡന്‍റ് വിസയില്‍ വരുന്നവര്‍ക്ക് പിന്നീട് കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നതിനും നിയന്ത്രണങ്ങള്‍ വരും. ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി വാദിക്കുന്നത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. വിദേശ വിദ്യാര്‍ഥികളുടെ സാന്നിധ്യം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന മാര്‍ഗമാണ്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിദേശ വിദ്യാര്‍ഥികള്‍ക്ക് യുകെയോടുള്ള താല്‍പര്യം കുറയ്ക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആശങ്ക. സ്ററുഡന്‍റ് വിസയില്‍ വരുന്നവരെ കുടിയേറ്റ കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നത് കുടിയേറ്റം പെരുപ്പിച്ചു കാട്ടലാണെന്നാണ് കാലങ്ങളായി വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. നിലവിലുള്ള സന്പ്രദായത്തില്‍, സ്ററുഡന്‍റ് വിസയില്‍ യുകെയിലെത്തുന്ന ബിരുദധാരികളായ വിദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷംകൂടി യുകെയില്‍ തുടരാം. ഈ സമയത്ത് ജോലി സന്പാദിച്ച് ജോബ് വിസയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഇവിടെ താമസിക്കാം.എന്നാല്‍, ഈ സന്പ്രദായം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തല്‍. സ്ററുഡന്‍റ് വിസയില്‍ വരുന്ന പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയിലേക്ക് തിരിയുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഡിപ്പന്‍ഡന്‍റ് വിസയില്‍ വരുത്താനുദ്ദേശിക്കുന്ന നിയന്ത്രണമനുസരിച്ച്, വിദേശ വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ ആണെങ്കില്‍ മാത്രമേ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കൂ. അടുത്ത സെപ്റ്റംബറില്‍ അല്ലെങ്കില്‍ പിന്നീടുള്ള മാസങ്ങളില്‍ കുടിയേറാമെന്നുള്ള പ്രവേശന സമയം ലക്ഷ്യമിട്ടു ഒരുക്കങ്ങള്‍ നടത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ തീര്‍ത്തും ആശങ്കപ്പെടണം. കാരണം നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടനടി നടപ്പാക്കാന്‍ സാധിക്കും വിധമാണ് ബ്രിട്ടനിലെ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ രണ്ടു വര്‍ഷം കൂടി യുകെയില്‍ നിന്ന് പഠിക്കാന്‍ ചിലവാക്കിയ കാശ് ഏതു വിധേനയും വസൂലാക്കാമെന്നു വിചാരിക്കുന്നവര്‍ക്ക് എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലേയ്ക്കാവും നടന്നടുക്കുന്നത്. പോസ്ററ് സ്ററഡി കാലാവധി വെട്ടിക്കുറച്ചാല്‍ യുകെയിലേക്കു വരാനുള്ള സ്വപ്നം സ്വപ്നമായി തന്നെ തുടരേണ്ടിവരും. കാരണം ആറുമാസം സമയം കൊണ്ട് എന്തു നേടാനാവും ആരും ഇക്കാര്യത്തില്‍ മാന്‍ഡ്രേക്കല്ലല്ലോ മാജിക്കിലൂടെ കാര്യം നടത്താന്‍.
ഇതുമാത്രമല്ല ലക്ഷങ്ങള്‍ മുടക്കി യുകെയിലേക്ക് ഒരു സറ്റുഡന്‍റ് വിസ സന്പാദിച്ച് കുടുംബ സമേതം ചേക്കേറാം എന്ന പ്രതീക്ഷയും ഇതുമൂലം കടപുഴകി എറിയപ്പെടും. ഇനി മുതല്‍ രണ്ടു വര്‍ഷം പഠന സമയമുള്ള പോസ്ററ് ഗ്രാജേഷന്‍ കോഴ്സില്‍ ഗവേഷണം നടത്താന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വെട്ടിച്ചുരുക്കപ്പെടും എന്ന നിര്‍ദേശമാണ് ഇന്ത്യന്‍ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി സ്യുവെല്ലയുടെ നിര്‍ദ്ദേശം. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനും പതിനായിരക്കണക്കിന് ഡിപെന്‍ഡന്‍റ് വിസ എന്നത് കുറയ്ക്കാനാവും എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇക്കാര്യം നടപ്പാക്കിയാല്‍ മലയാളികളുടെ കോഴ്സ് ചോയ്സും ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കും. കാരണം നിലവില്‍ ഗ്രാജുഷേന്‍ കോഴ്സുകള്‍ ചോയ്സുകള്‍ പരിമിതപ്പെടുത്തുന്പോള്‍ ഒട്ടു മിക്ക വിദ്യാര്‍ത്ഥികളെയും കുഴപ്പത്തിലാക്കും. ഇതിന്‍റെ മറുവശമെന്ന് പറയുന്നത് പഠിക്കാന്‍ എളുപ്പമുള്ള കോഴ്സുകളുടെ തെരഞ്ഞെടുപ്പും വഹിക്കാന്‍ പറ്റുന്ന ഫീസുമാണ്, ഇതാണ് വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചു കൊണ്ടിരിയ്ക്കുന്നത്.
ഇപ്പോഴെത്തുന്നവരാകട്ടെ ഏറ്റവും വേഗത്തില്‍ കെയര്‍ ഹോമുകളില്‍ വിസ സംഘടിപ്പിച്ച് ജോലി ചെയ്തു കാശുണ്ടാക്കുകയാണ് ഭൂരിഭാഗത്തിന്‍റെയും ലക്ഷ്യം. ഇതെല്ലാം കൃത്യമായി കണക്കുകൂട്ടി പഠിച്ചു തയ്യാറാക്കിയാണ് സര്‍ക്കാര്‍ പൊളിച്ചെഴുത്തിനു തയ്യാറായി എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ കോഴ്സിന്‍റെ മെറിറ്റ് നോക്കി കുടുംബത്തെ കൂടി സൗജന്യമായി കൊണ്ടുവരാനുള്ള നിര്‍ദേശവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പഠനമികവുള്ളവര്‍ക്ക് സഹായകമാവും. ഈ നിര്‍ദ്ദേശങ്ങളെ രാജ്യത്തെ യൂണിവേഴ്സിറ്റികള്‍ എതിര്‍ത്തുവെങ്കിലും ഒന്നും സര്‍ക്കാര്‍ കാര്യമായി ചെിവിക്കൊണ്ടില്ലന്നു പറയുന്പോള്‍ തന്നെ കാര്യങ്ങളെുടെ ഗൗരവം അത്രയ്ക്കുള്ളതാണ്. മുന്‍പുണ്ടായ പഠനവിസയുടെ മറവിലെ തള്ളിക്കയറ്റം എങ്ങനെയും കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അത്തരം സാഹചര്യങ്ങളിലേയ്ക്കാണ് ഇനി ബ്രിട്ടന്‍ നീങ്ങുക. എന്നാല്‍ മുന്‍പത്തെപോയിന്‍റ് ബേസ്ഡ് സിസ്ററം അടക്കമുള്ള സ്വീകാര്യമായ നടപടികള്‍ രാജ്യത്തിന് മികവുള്ള വിദ്യാര്‍ത്ഥികളെ ലഭിക്കുമെന്ന കണക്കുകൂട്ടലും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. യുകെ യൂണിവേഴ്സിറ്റികളുടെ നിലവാരത്തകര്‍ച്ച ഉണ്ടാകുന്നത് തടയുക സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. വിദേശ വിദ്യാര്‍ഥികള്‍ ആധിപത്യം സ്ഥാപിച്ച പല യൂണിവേഴ്സിറ്റികളിലും വിദ്യാര്‍ഥികള്‍ ക്ളാസിന്‍റെ പടിപോലും കാണാതെ മണിമേക്കേഴ്സായി മാറുന്പോള്‍ ഇതിനു ബദല്‍ ചിന്തിക്കുക എന്നത് ഏതു സര്‍ക്കാരിന്‍റെയും കടമയാണ്.