Home America ക്നാനായ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്നാനായ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

555

ചിക്കാഗോ:കോവിഡ് 19 മഹാമാരി സാമൂഹിക ജീവിത ക്രമങ്ങളെ തന്നെ മാറ്റിയെഴുതിയ ഒരു കാലഘട്ടമാണ് കടന്ന് പോകുന്നത്. പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ വലിയൊരു വിഭാഗം ജനങ്ങളും വിമുഖത കാട്ടുന്നു എന്നതിന്‍റെ തെളിവെന്നോണം ‘ദി ഗ്രേറ്റ് റെസിഗ്നേഷന്‍’ എന്ന മുന്‍പെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത ഒരു പ്രതിഭാസം കൂടെ ഈ കാലഘട്ടത്തില്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അവസരത്തിനൊത്ത് ഉണരുകയും പ്രതിസന്ധികളെ കരുത്താക്കി മാറ്റുകയും ചെയ്ത ഒരുപിടി വ്യക്തിത്വങ്ങളെ ആദരിക്കാന്‍ ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ചിക്കാഗോ ഏര്‍പ്പെടുത്തിയ പ്രഥമ ക്നാനായ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഗ്യാസ് സ്റ്റേഷന്‍ ബിസിനസ്സില്‍ ചിക്കാഗോയിലെ മലയാളി സമൂഹം കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചക്ക് തുടക്കം കുറിച്ച ജോണ്‍ പുതുശ്ശേരിലിനാണ് ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ്. ആധുനിക വൈദ്യചികിത്സാ രംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരം എന്നവണ്ണമാണ് ഡോ. ദീപ സിറിയക് തിരുനെല്ലിപ്പറമ്പിലിനെ പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജിയുടെ ഇല്ലിനോയിസ് ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ് ഡോ. ദീപ എം.ഡി. ഇന്‍ഫെക്ഷ്യസ് ഡിസീസ് മേഖലയില്‍ നടത്തിയ വിപുലമായ പഠനങ്ങളെയും സംഭവനകളെയും മാനിച്ചു ഡോ. ജോആന്‍ ജോസ് MD, MPH അക്കാഡമിക് എക്സലന്‍സ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. 2021 ല്‍ ഡ്യൂക്ക് യൂണിവേഴ്സിറ്റി ‘ചേഞ്ച് മേക്കര്‍ അവാര്‍ഡ്’ നല്‍കി ആദരിച്ച ഷാന വിരുതിക്കുളങ്ങരക്കാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡ്. സോഷ്യല്‍ ഇമ്പാക്ട് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലമായി ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ ഫ്യൂണറല്‍ കോര്‍ഡിനേറ്റര്‍മാരായി ചെയ്ത് വരുന്ന സേവനം ശ്ളാഹനീയം ആണെന്ന് ജഡ്ജിങ് പാനല്‍ വിലയിരുത്തി. ഏതൊരു വ്യക്തിയുടെയും ഏറ്റവും വേദനാജനകമായ നിമിഷങ്ങളില്‍ മൃതസംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ യാതൊരു ലാഭേച്ഛയും കൂടാതെ ഏറ്റെടുത്തു നിര്‍വഹിച്ചു പോരുന്ന ഇവരുടെ സേവനം വഴി കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം അന്ത്യ നിമിഷങ്ങള്‍ ശാന്തമായി ചിലവഴിക്കാനുള്ള അവസരം ലഭിച്ചുവരുന്നു.
ജനുവരി ഒന്നാം തിയതി ഡിസ്പ്ലൈന്‍സ് ക്നാനായ സെന്‍ററില്‍ വച്ച് നടക്കുന്ന ക്നാനായ നൈറ്റ് മദ്ധ്യേ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്ക്കാര വിതരണം നടത്തുമെന്ന് കെ.സി.എസ്. പ്രസിഡന്‍റ് തോമസ് പൂതക്കരി അറിയിച്ചു. ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കമ്മീഷണേഴ്സ് കോര്‍ട്ട് ജഡ്ജ് കെ.പി. ജോര്‍ജ്ജ് ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

ലിന്‍സണ്‍ കൈതമല