ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രവാസി സമൂഹം ഇന്ത്യയ്ക്കും, കേരളത്തിനും നല്കുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് തോമസ് ചാഴികാടന് എം.പി പ്രസ്താവിച്ചു. സൗത്ത് അന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കോമേഴ്സിന്റെയും, പ്രവാസി കേരള കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ സംഘിപ്പിച്ച സ്വീകരണ ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിത സാഹചര്യം ലക്ഷ്യമിട്ട് മറ്റൊരു രാജ്യത്തേക്കു കുടിയേറിയപ്പോഴും , ജന്മനാടിന് സ്നേഹവും കരുതലും നല്കാന് മലയാളി സമൂഹം കാണിക്കുന്ന താല്പര്യം ഏറെ അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് ജിജി ഓലിക്കന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര സ്വാഗതം ആശംസിച്ചു. സ്റ്റാഫോര്‍ഡ് സിറ്റി പ്രോ ടേം മേയര്‍ കെന്‍ മാത്യു. മാഗ് പ്രസിഡന്റ് അനില്‍ ആറന്മുള, ഒ.ഐ.സി (യു.എസ്.എ) പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജയിംസ് തെക്കനാട്ട്, ശശിധരന് നായര്‍, ജോമോന് എടയാടി, തോമസ് ചെറുകര, ഫിലിപ്പ് കൊച്ചുമ്മന്‍, തോമസ് വെട്ടിക്കല്‍, സാബു കുര്യന് ഇഞ്ചേനാട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ ജനറല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ നന്ദി പറഞ്ഞു. ജോര്‍ജ് കോളച്ചേരില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.
സൗത്ത് അന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കോമേഴ്സും, പ്രവാസി കേരള കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്ററും പ്ലാക്ക് നല്കി തോമസ് ചാഴികാടനെ ആദരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒ.സി.ഐ കാര്‍ഡുകാര്‍ക്കു വേണ്ടി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടര്‍ ആരംഭിക്കണമെന്ന യോഗത്തിലെ നിര്‍ദേശം നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ വ്യോമായാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണെന്ന് തോമസ് ചാഴികാടന് അറിയിച്ചു.