Home America ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ (ദർശനത്തിരുനാൾ) ആഗസ്റ്റ് 7...

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ (ദർശനത്തിരുനാൾ) ആഗസ്റ്റ് 7 മുതൽ 15 വരെ

328

ചിക്കാഗോ :മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ (ദർശനത്തിരുനാൾ) 2022 ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കുന്നു. ഓഗസ്റ്റ് ഏഴിന് പതാക ഉയർത്തുന്നതോടുകൂടി ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആചരണങ്ങൾ ക്ക് തുടക്കം കുറിക്കും. അന്നേദിവസം രാവിലെ 10 മണിക്ക് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ ബലിയർപ്പണവും, കൊടി ഉയർത്തലും, നൊവേനെയും നടത്തും. തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 6 30 ന് ആഘോഷമായ തിരുനാൾ കുർബാനയും, വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ കലാമേളയും. പതിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ഇടവകയിലെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷ പൂർവ്വമായ റാസ കുർബാനയ്ക്ക് റവ.ഫാ. പോൾ പൂവത്തിങ്കൽ (സിഎംഐ ) മുഖ്യകാർമികത്വം വഹിക്കും.
റവ. ഡോ. ജോൺ ചേന്നാകുഴി തിരുനാൾ സന്ദേശം നൽകും. ഓഗസ്റ്റ് പതിനൊന്നാം തീയതി വ്യാഴാഴ്ച വൈകിട്ടു നടത്തുന്ന ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ട് കാർമികത്വം വഹിക്കും. പതിനഞ്ചാം തീയതി വൈകിട്ട് 7മണിക്ക് ഇടവകയിൽ നിന്നും മരണപ്പെട്ടുപോയ പരേതർക്ക് വേണ്ടി വി.കുർബാന അർപ്പിച്ചുകൊണ്ട് തിരുനാൾ ആചരണങ്ങൾ സമാപനം കുറിക്കും.