കോട്ടയം: തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നൂറ്റാണ്ടുകളായി പാലിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്ന ക്നാനായ സമുദായത്തിന്റെ സമഗ്ര സംഭാവനകള്‍ നിസ്തുലവും മാതൃകാപരവുമാണെന്നും അതിരൂപതയുടെയും ക്നാനായസമുദായത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിലെ നിര്‍ണായക ചുവടുവയ്പാണ് അതിരൂപതാ അസംബ്ലിയെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാര്‍സഭയ്ക്കും പൊതുസമൂഹത്തിനും അനന്യസംഭാവനകള് നല്കിയ ക്നാനായസമുദായാംഗങ്ങളായ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികശ്രേഷ്ഠരെയും അല്മായപ്രമുഖരെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും സഭാത്മക വളര്‍ച്ചയില്‍ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പൂര്‍വ്വികരുടെ പാതയില്‍ നിന്നും വ്യതിചലിക്കാതെ വിശ്വാസവും പാരമ്പര്യവും സഭയോടൊത്തു യാത്രചെയ്ത് തുടര്‍ന്നും സംരക്ഷിക്കുവാന്‍ ക്നാനായ സമുദായത്തിനു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംബ്ലിയില്‍ പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും അസംബ്ലിക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു. കോട്ടയം അതിരൂപതയുടെ അധികാരപരിധി ഭാരതം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് സീറോമലബാര്‍ സിനഡ് പരിശുദ്ധ സിംഹാസനത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമുദായത്തെയും രൂപതയെയും കാലാകാലങ്ങളില്‍ നയിച്ച പൂര്‍വ്വികരുടെ പാതയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറുവാന്‍ അതിരൂപതാ അസംബ്ലി വഴിയൊരുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രാതിനിധ്യ സ്വഭാവത്തോടെ അസംബ്ലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വം ദൈവഹിതാനുസരം നിറവേറ്റുവാന്‍ കഴിയെട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുന്അസംബ്ലി നിര്‍ദ്ദേശങ്ങളെക്കുറിച്ചും നാലാമത് അസംബ്ലിയുടെ നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു. സിനഡാത്മക അതിരൂപത എന്ന വിഷയത്തില്‍ ഫാ. മാത്യു കൊച്ചാദംപള്ളില്‍ വിഷയാവതരണം നടത്തി. ബാബു പറമ്പടത്തുമലയില്‍ മോഡറേറ്ററായിരുന്നു. ഫാ. എബ്രാഹം പറമ്പേട്ട്, ഡോ. റിയ സൂസന്, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ പങ്കുവച്ചു.
2024 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന 16-ാമതു മെത്രാന് സിനഡിന്റെ വിഷയത്തെ അധികരിച്ചാണു കോട്ടയം അതിരൂപതയില്‍ നാലാമത് അസംബ്ലി നടക്കുന്നത്. ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം’ എന്നതാണ് അസംബ്ലിയിലെ മുഖ്യ പഠന വിഷയമായി സ്വീകരിച്ചിരിക്കുന്നത്. അസംബ്ലിക്കായി പ്രസിദ്ധീകരിച്ച പ്രാരംഭ രേഖ അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും സംഘടനകളിലും ഇതര കൂട്ടായ്മകളിലും ചര്‍ച്ച ചെയ്തു സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിഷയാവതരണരേഖയാണ് അസംബ്ലിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നത്. അതിരൂപതയിലെ മെത്രാന്മാരും വൈദിക സമര്‍പ്പിത അല്മായ പ്രതിനിധികളുമുള്‍പ്പടെ 136 പേര് അസംബ്ലിയില്‍ പങ്കെടുക്കുന്നു.