കോട്ടയം: അതിരൂപതയുടെ നാലാമത് അസംബ്ലി സമാപിച്ചു. കോതനല്ലൂർ തൂവാനീസ പ്രാർത്ഥനാലയത്തിൽ ജനുവരി 24 മുതൽ 26 വരെയാണ് അസംബ്ലി നടന്നത്. റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയവുമായി ബന്ധിപ്പിച്ച് സിനടാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത പ്രവർത്തനം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അസംബ്ലിയിൽ ചർച്ചകൾ നടന്നത്. സിനടാത്മക അതിരൂപത എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. മാത്യു കൊച്ചാദംപള്ളിയും കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്നതിനെക്കുറിച്ച് ഡോ. ജോർജ് കറുകപ്പറമ്പിലും ക്നാനായ സമുദായത്തിന്റെ സഭാത്മക പശ്ചാത്തലവും തുടരേണ്ട ദൗത്യത്തെയും കുറിച്ച് ഡോ. തോമസ് പുതിയകുന്നേലും കോട്ടയം അതിരൂപതയുടെ വിദേശ ഇടവകകൾ, മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് മോൺ. തോമസ് മുളവനാലും ക്ലാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് സമാപന സന്ദേശം നൽകി.
ദൈവദാസൻ മാർ മാക്കിൽ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയിൽ അസംബ്ലിയിൽ സംബന്ധിച്ചവർ പങ്കെടുത്തു. സഹായമെത്രന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഗീവർഗീസ് മാർ അപ്രം കോട്ടയം അതിരൂപത വികാർ ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചിക്കാഗോ സീറോ മലബാർ രൂപതയുടെ വികാര്‍ ജനറാൾ മോൺ. തോമസ് മുളവനാൽ എന്നിവർ സഹ കാർമികരായിരുന്നു. അതിരൂപതയിലെ മെത്രാന്മാരും വൈദിക സമർപ്പിത അൽമായ പ്രതിനിധികളുമുൾപ്പടെ 136 പേരാണ് അസംബ്ലിയിൽ പങ്കെടുത്തത്.