കെ.സി.എസ്. ഷിക്കാഗോ പ്രവര്‍ത്തനോദ്ഘാടനം മേയര്‍ റോബിന്‍ ഇലക്കാട്ട് നിര്‍വ്വഹിച്ചു
ഓര്‍മ്മകള്‍ മേയുന്ന പൂര്‍വ്വ വിദ്യാലയത്തിന്‍റെ തിരുമുറ്റത്ത് ഒരിക്കല്‍ക്കൂടി എത്തിയ അനുഭൂതിയാണ് ചിക്കാഗോയില്‍ നില്‍ക്കുമ്പോള്‍ തനിക്കുള്ളത് എന്ന് ടെക്സസിലെ മിസ്സുറി സിറ്റി മേയറായ റോബിന്‍ ഇലക്കാട്ട്. കെ.സി.എസ്. ഷിക്കാഗോയുടെ 2021-22 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിക്കാഗോ കെ.സി.വൈ.എല്‍.-ന്‍റെ പ്രഥമ പ്രസിഡന്‍റ് എന്ന നിലയില്‍ ആരംഭിച്ച പൊതു പ്രവര്‍ത്തക ജീവിതത്തില്‍ ഉടനീളം ഷിക്കാഗോയിലെ ക്നാനായ സമൂഹവും, മലയാളി സംഘടനകളും, കാലാകാലങ്ങളില്‍ അവയുടെ നേതൃത്വത്തില്‍ ഇരുന്നവരും നല്‍കിയ അകമഴിഞ്ഞ പിന്തുണ തന്‍റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതായി റോബിന്‍ പറഞ്ഞു.
കോട്ടയം ക്നാനായ അതിരൂപതയുടെ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മോര്‍ അപ്രേം, ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ബഹുമതിയ്ക്ക് അര്‍ഹനായിത്തീര്‍ന്ന ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോണീസ് സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി ഓണ്‍ലൈന്‍വഴിയായി യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. റോബിന്‍ ഇലക്കാട്ടും ജോണീസ് സ്റ്റീഫനും കൈവരിച്ച നേട്ടം പ്രബുദ്ധരായ മലയാളി സമൂഹത്തിന മുഴുവന്‍ അഭിമാനകരമാണെന്നും, പ്രവര്‍ത്തനോദ്ഘാടന വേളയില്‍ ഇരുവരേയും ആദരിക്കുകവഴി നമ്മുടെ യുവജനങ്ങള്‍ക്ക് മികച്ച മാതൃകയാണ് കെ.സി.എസ്. നല്‍കുന്നതെന്ന് തന്‍റെ അനുഗ്രഹ പ്രഭാഷണമദ്ധ്യേ അഭിവന്ദ്യ മോര്‍ അപ്രേം പറഞ്ഞു.
പ്രസിഡന്‍റ് തോമസ് പൂതക്കരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിനു മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഫാ. ഏബ്രഹാം മുത്തോലത്ത്, കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്‍റ് സണ്ണി മുണ്ടപ്ലാക്കില്‍, ഷിജു ചെറിയത്തില്‍, നിത ചെമ്മാച്ചേല്‍, ജൂവാന്‍ ഒറ്റതൈക്കല്‍, സോളമന്‍ എടാട്ട് എന്നിവര്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കെ.സി.എസിന്‍റെ മുന്‍ ഭാരവാഹികളേയും, ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളേയും യോഗത്തില്‍ പ്രത്യേകം ആദരിച്ചു. ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ യോഗത്തിന് സ്വാഗതവും വൈസ് പ്രസിഡന്‍റ് ജോസ് ആനമല കൃതജ്ഞതയും അര്‍പ്പിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിന് ലിന്‍സണ്‍ കൈതമല, ആല്‍വിന്‍ ഐക്കരോത്ത്, ജിമ്മി മുകളേല്‍, സാബു കട്ടപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മറ്റികള്‍ നേതൃത്വം നല്‍കി.