Home Europe ബര്‍മിങ്ഹാമില്‍ ക്‌നാനായ ആസ്ഥാന മന്ദിരത്തിന്റെ ഒരു ഭാഗം കത്തി നശിച്ചു

ബര്‍മിങ്ഹാമില്‍ ക്‌നാനായ ആസ്ഥാന മന്ദിരത്തിന്റെ ഒരു ഭാഗം കത്തി നശിച്ചു

1160

ബര്‍മിങ്‌ഹാം: ബര്‍മിങ്‌ഹാമിന്‌ അടുത്തുള്ള ക്‌നാനായ ആസ്ഥാന മന്ദിരം തീയിട്ട നിലയില്‍. ഇന്ന്‌ പുലര്‍ച്ചയോടെയാണ്‌ ആസ്ഥാനമന്ദിരത്തിന്‌ തീപിടിച്ചത് . ആസ്ഥാന മന്ദിരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഇന്ന്‌ പുലര്‍ച്ചെ കെട്ടിടത്തില്‍ നിന്ന്‌ തീയുയരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ അയല്‍വാസികള്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസും ഫയര്‍ഫോഴ്‌സും കുതിച്ചെത്തി. പക്ഷേ അതിനോടകം കെട്ടിടത്തിന്റെ നല്ലൊരു ഭാഗം കത്തി നശിച്ചിരുന്നു.സാമൂഹ്യ ദ്രോഹികളാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ സംശയിക്കുന്നതായി വിവരമുണ്ട്. ദൃക്‌സാക്ഷി മൊഴികളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ്‌ ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായത്തോടെ സംഭവസ്ഥലത്ത്‌ എത്തി തെളിവുകള്‍ ശേഖരിച്ചു അന്വേഷണം തുടങ്ങി. ഇന്ന്‌ പുലര്‍ച്ചെ മുതല്‍ പോലീസും അന്വേഷണസംഘവും സ്ഥലത്തുണ്ടായിരുന്നു. നടുക്കുന്ന വാര്‍ത്തയറിഞ്ഞ്‌ നിരവധി ക്‌നാനായക്കാര്‍ സംഭസ്ഥലത്ത്‌ ഓടിയെത്തി. പലര്‍ക്കും അത്‌ വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.

2014 ലാണ്‌ ക്‌നാനായക്കാരുടെ അഭിമാന ഗോപുരമായി ക്‌നാനായ ആസ്ഥാന മന്ദിരം ബര്‍ബിങ്‌ഹാമില്‍ ഉയര്‍ന്നത്‌. യു.കെ.കെ.സി.എ യുടെ നേതൃത്വത്തില്‍ ക്‌നാനായക്കാരില്‍ നിന്ന്‌ സംഭാവനകള്‍ സ്വീകരിച്ച്‌ മന്ദിരത്തിന്‌ ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു. ഒട്ടുമിക്ക കുടുംബങ്ങളും ആസ്ഥാനമന്ദിരത്തിന്‌ വേണ്ടി നിര്‍ലോഭമായി സംഭാവന ചെയ്‌തു. അന്നത്തെ യു.കെ.കെ.സി.എ പ്രസിഡന്റ്‌ ബെന്നി മാവേലി അമ്പതിനായിരം പൗണ്ട്‌ ആസ്ഥാന മന്ദിരത്തിന്‌ വേണ്ടി സംഭാവന ചെയ്‌തതാണ്‌ മന്ദിരത്തിനുള്ള അടിസ്ഥാന തുകയായത്‌. തുടര്‍ന്ന്‌ യൂണിറ്റുകള്‍ വഴി അംഗങ്ങള്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കി. തുടര്‍ന്ന്‌ യു.കെ.കെ.സി.എ യുടെ വാര്‍ഷികത്തോടനുബന്ധിച്ച്‌ മാര്‍ മാത്യൂ മൂലക്കാട്ട്‌ കെട്ടിടം വെഞ്ചരിച്ചു യു.കെ.യിലെ ക്‌നാനായക്കാര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ ക്‌നാനായക്കാര്‍ക്ക്‌ മാത്രമല്ല യു.കെ.യിലെ മലയാളികള്‍ക്കെല്ലാം പ്രയോജനകരമായ മന്ദിരമായി അത്‌ മാറുകയായിരുന്നു. യുക്‌മ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ വിവിധ പരിപാടികള്‍ ഇവിടെ വച്ച്‌നടത്തിരുന്നു. ഒരു ചാപ്പലും ഹാളും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളുള്ളതാണ്‌ ക്‌നാനയാ ഭവന്‍. യു.കെ.യിലെ മുഴുവന്‍ ക്‌നാനായക്കാരും നടുക്കത്തോടെയാണ്‌ ഈ വാര്‍ത്ത കേട്ടത്‌. പലയിടങ്ങളിലും വാര്‍ത്ത എത്തി തുടങ്ങിയിട്ടേയുള്ളു. മുഴൂവന്‍ ക്‌നാനായക്കാരെയും നടുക്കുന്നതാണ്‌ ഈ സംഭവം.ക്‌നാനായക്കാരുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായിരുന്നു ഈ മന്ദിരം. മറ്റ്‌ മലയാളി സംഘടനകള്‍ക്ക്‌ ഇതൊരു മാതൃകയുമായിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ്‌ തുടങ്ങിയിട്ടുണ്ട്‌.