Home Headline കാ​രി​ത്താ​സ് ആശുപത്രി ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം സെപ്തംബര്‍ 11 ശനിയാഴ്ച

കാ​രി​ത്താ​സ് ആശുപത്രി ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം സെപ്തംബര്‍ 11 ശനിയാഴ്ച

755

കോട്ടയം: കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2021 സെപ്തംബര്‍ 11 ശനിയാഴ്ച വൈകിട്ട് 3 പി.എം.ന് എഡ്യുസിറ്റി കാമ്പസില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപോലീത്താ ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണ ജോര്‍ജ്, വി.എന്‍. വാസവന്‍, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ബിഷപ്പ് മാര്‍ ഗീവര്‍ഗ്ഗീസ് അപ്രേം, തോമസ് ചാഴിക്കാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.

ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സാധാരണ ജനങ്ങള്‍ക്ക് അറുപതില്‍പരം പ്രധാന ശസ്ത്രക്രിയകളും നിരവധി പ്രോസീജ്യറുകളും സൗജന്യമായി ചെയ്ത് നല്‍കാന്‍ കാരിത്താസ് ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചു. അറുപതാം വാര്‍ഷികത്തോടു ചേര്‍ന്ന് കോട്ടയം ജില്ലയില്‍ ആദ്യമായി ഒരു ഡിമെന്‍ഷ്യഹോം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓര്‍മ്മശക്തി കുറയുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്ന നമ്മുടെ വീടുകളിലെ മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും വേണ്ടിയാണ് ഡിമെന്‍ഷ്യഹോം സ്ഥാപിക്കുന്നത്. ഇതിനു പുറമെ ഡയമണ്ട് ജൂബിലി വര്‍ഷത്തില്‍ ഡയാലിസിസിന് വിധേയരാവുന്ന വൃക്ക രോഗികളില്‍ 15 പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുന്നതായിരിക്കും. 30 രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സാ ചിലവില്‍ 40 ശതമാനം തുക ഇളവ് നല്‍കും. കാരിത്താസ് ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സക്കായി എത്തുന്ന രോഗികള്‍ക്കും, പുതുതായി വരുന്ന ഡയാലിസിസ് രോഗികള്‍ക്കും ചികിത്സാ ചിലവില്‍ 15 ശതമാനം തുക ഇളവ് നല്‍കും. ഇതിനായി 60 ലക്ഷം രൂപയാണ് കാരിത്താസ് ആശുപത്രി ചിലവിടുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന നാല്‍പതോളം ക്യാന്‍സര്‍ രോഗികള്‍ക്ക് സൂസന്‍ ഡാനിയല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് 25,000 രൂപ വീതം നല്‍കും. ഏതാണ്ട് 10 ലക്ഷം രൂപയാണ് ഇതിനായി ചിലവിടുന്നത്.

ആഞ്ചിയോഗ്രാം, മാമ്മോഗ്രാം തുടങ്ങിയ പരിശോധനാ ചിലവില്‍ ഈ കാലയളവില്‍ 25 ശതമാനം ഇളവ് നല്‍കും. (നിലവില്‍ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് 9,000 രൂപയാണ് പരിശോധനാചിലവ്. അത് 7,000 രൂപയായി കുറവുചെയ്യും.) കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷക്കായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ പദ്ധതികള്‍ ഫ്രണ്ട്സ് ഓഫ് കാരിത്താസിലൂടെ നടപ്പില്‍ വരുത്തും. ഇതിനുപുറമെ ആരോഗ്യപരിശോധനകള്‍ക്കു നിലവിലുള്ള പരിശോധനാ ഫീസില്‍ ഗണ്യമായ കുറവുകള്‍ ഒരു വര്‍ഷ കാലയളവില്‍ നല്‍കും. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുക, മൊബൈല്‍ ആപ്പ് ഉപയോഗിച്ചു കൊണ്ടുള്ള ബ്ലഡ് ഡോണേഴ്‌സ് ഫോറം, സമൂഹത്തിനായുള്ള ആരോഗ്യസംരക്ഷണ സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കല്‍ എന്നിവയും നടപ്പില്‍ വരുത്തും. മെഡിക്കല്‍ കോണ്‍ഫറന്‍സുകളും, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ക്കും പുറമെ, കാരിത്താസിയന്‍ എന്ന പേരില്‍ ഒരു ദ്വൈമാസ വാര്‍ത്താപത്രിക, കാരിത്താസ് ഹോസ്പിറ്റലിന്റെ ചരിത്രവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന കോഫി ടേബിള്‍ ബുക്കും സുവനീറും, ആഭ്യന്തര – രാജ്യന്തര തലത്തിലുള്ള വിവിധ സര്‍വകലാശാലകളുമായും, ഗവേഷണ സംഘടനകളുമായുമുള്ള സഹകരണവും ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കും. കഴിഞ്ഞവര്‍ഷം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 18.34 കോടി രൂപയുടെ സൗജന്യ ചികിത്സാ സഹായം നല്‍കാന്‍ സാധിച്ചു.

പാവപ്പെട്ട ഹൃദയസംബന്ധ രോഗികള്‍ക്കായി കാരിത്താസ് ഹാര്‍ട്ട് ഫൗണ്ടേഷനും, സുശക്തമായ പാലിയേറ്റീവ് കെയര്‍ യൂണിറ്റും നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ കിടക്കകളും, സൗജന്യ ഭക്ഷണവും നല്‍കിവരുന്നുണ്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മധ്യകേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനും രോഗശാന്തിക്കുമായി, 1962 -ല്‍ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിനാല്‍ സ്ഥാപിതമായ കാരിത്താസ് ആശുപത്രി നിരവധി മഹാരഥന്മാരുടെ നേതൃത്വത്തിലൂടെ മുന്നേറിയാണ് ഇന്ന് കാണുന്ന ഉയര്‍ച്ചയിലെത്തിയത്. ‘നിസ്വാര്‍ത്ഥ സ്‌നേഹം ജീവന്‍ രക്ഷിക്കുന്നു’ എന്ന ആപ്തവാക്യത്തോടെ, ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയില്‍, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാവിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ എക്കാലവും പ്രതിജ്ഞാബദ്ധരാണ്. മാനവികതയുടെ, ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി പരിപോഷിപ്പിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ ഗവേഷണവും വികസനവും പിന്തുടരുക എന്ന ഉറച്ച നിലപാടാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി കാരിത്താസ് ആശുപത്രി സ്വീകരിച്ചു പോരുന്നത്.

‘നല്ല ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരത്തുക’ എന്ന തത്ത്വചിന്ത ഉയര്‍ത്തിപ്പിടിക്കുകയും അതിനായി എക്കാലവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 60 വര്‍ഷങ്ങള്‍ കൊണ്ട് കാരിത്താസ് ആശുപത്രി, 40-ലധികം ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള മധ്യകേരളത്തിലെ മികച്ച ആരോഗ്യ പരിരക്ഷാദാതാക്കളിലൊന്നായി വളര്‍ന്നു. വൃക്ക, ഹൃദയം, ശ്വാസകോശം, കരള്‍ എന്നിവയ്ക്കായി സുസജ്ജമായ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററുകള്‍ ഇന്ന് കാരിത്താസ് ആശുപത്രിയില്‍ സജ്ജമാണ്. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന ആശുപത്രികളിലൊന്നായി കാരിത്താസ് വേറിട്ടുനില്‍ക്കുകയാണ്. വ്യക്തിയുടെ അന്തസ്സും സമൂഹത്തിന്റെ ആവശ്യങ്ങളും പരിഗണിച്ച് മാനുഷികമുഖമുള്ള പരിചരണം നല്‍കുക, ആരോഗ്യ പരിപാലന സേവനങ്ങളില്‍ കാര്യക്ഷമതയും പരിചരണത്തിന്റ്‌റെ സമത്വവും വര്‍ദ്ധിച്ചുവരുന്ന ചിലവുകളില്‍ സാധാരണക്കാര്‍ക്ക് സഹായകമാകാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. സര്‍ക്കാരുമായി സഹകരിച്ചുകൊണ്ടും മറ്റ് സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്തും മുന്നോട്ടു പോകാനാണ് കാരിത്താസ് ആശുപത്രി എപ്പോഴും ശ്രമിക്കുന്നത്. അമ്പത് (50) കിടക്കകള്‍ ഉണ്ടായിരുന്ന ആശുപത്രി ഇന്ന് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നു കഴിഞ്ഞു. ആരോഗ്യരംഗം മറ്റു ഏതൊരു കാലത്തെക്കാളും വെല്ലുവിളി നേരിടുന്ന കാലമാണിത്.കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ലോകത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ കൊടുക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കായി ചികിത്സാമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തിയും, ബോധവത്കരണപരിപാടികള്‍ വിപുലമായി നടപ്പില്‍ വരുത്തേണ്ട വേള കൂടിയാണിത്.

ഈ മഹാമാരി കാലത്തു സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് കാരിത്താസ് ആശുപത്രി മുന്‍കൈ എടുത്തത്. കേരളത്തില്‍ തന്നെ ആദ്യമായി സ്വകാര്യആശുപത്രികളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു കോവിഡ് കണ്‍ട്രോള്‍ സെല്‍ രൂപീകരിക്കുകയും അതുമൂലം കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ക്കായി വേഗത്തില്‍ എത്തിക്കുവാന്‍ കഴിയുകയും ചെയ്തു. രോഗികളുടെ വീടുകളിലെത്തി സൗജന്യ കോവിഡ് പരിശോധനകള്‍ നല്‍കാനും കാരിത്താസിനു കഴിഞ്ഞു. ആശുപത്രി സമീപപ്രദേശത്തെ എല്ലാ പഞ്ചായത്തുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അടക്കം നിരവധി കോവിഡ് പ്രതിരോധവസ്തുക്കള്‍ വിതരണം ചെയ്തു. ജില്ലയിലെ പോലീസ് സേനയ്ക്ക് ഉള്‍പടെ ഇരുപത് ലക്ഷംരൂപയില്‍ അധികം വരുന്ന സഹായങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി നല്കാന്‍ കഴിഞ്ഞത് ഒരു ചാരിതാര്‍ത്ഥ്യമായി കാരിത്താസ് ആശുപത്രി കരുതുന്നു.ഈ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കോട്ടയം ജില്ലാ ഭരണകൂടവും മംഗളം ദിനപത്രവും കാരിത്താസ് ആശുപത്രിക്ക് പുരസ്‌ക്കാരങ്ങള്‍ നല്കി എന്നതും സന്തോഷത്തോടെ അറിയിക്കട്ടെ.

1975 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍, കഴിഞ്ഞ 17 വര്‍ഷങ്ങളായി സമ്പൂര്‍ണ്ണ ക്യാന്‍സര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്ന കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹ്രൈബിഡ് കാത്ത് ലാബ് ഉള്‍പ്പടെ സമ്പൂര്‍ണ്ണ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂറോ സയന്‍സസ്, വൃക്ക, ഹൃദയ, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവ ഈ കാലയളവില്‍ കാരിത്താസ് ആശുപത്രിയില്‍ ഉണ്ടായി. 1965 മുതല്‍ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തും 1981 മുതല്‍ ഫാര്‍മസി വിദ്യാഭ്യാസ രംഗത്തും കാരിത്താസ് മുന്‍നിര സാന്നിധ്യമാണ്. ഈ സ്ഥാപനങ്ങള്‍ എല്ലാംതന്നെ അവയുടെ പ്രവര്‍ത്തനസേവന മികവുകൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ളവയാണ്. ആരോഗ്യസംരക്ഷണത്തില്‍ ആഗോള അംഗീകാരങ്ങള്‍ നേടിയെടുത്ത് അത് സമൂഹത്തിന്റെ നല്ല ആരോഗ്യത്തിനായി സമര്‍പ്പിക്കുവാനും ഇക്കാലയളവില്‍ കാരിത്താസിനു കഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് ആദ്യമായി ആതുരസേവനത്തില്‍ അന്താരാഷ്ട്ര ഗുണമേന്മയ്ക്കുള്ള NABH , NABH നഴ്സിംഗ് എക്‌സലന്‍സ്, NABL എന്നീ അംഗീകാരങ്ങളും മധ്യകേരളത്തിലാദ്യമായി NABH എത്തിക്‌സ് കമ്മിറ്റി അംഗീകാരവും ലഭിച്ചത് കാരിത്താസിനാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച ആരോഗ്യനിലവാരം നേടിയെടുത്തിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാനം ജീവിതശൈലി രോഗങ്ങളുടെയും സാംക്രമിക രോഗങ്ങളുടെയും, കോവിഡ് പോലെയുള്ള മഹാമാരികളുടെയും വെല്ലുവിളികള്‍ ഏറ്റെടുത്തു പരിഹരിക്കേണ്ടതുണ്ട്. കുറഞ്ഞചെലവില്‍, മെച്ചപ്പെട്ട ചികിത്സ സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ വിജയിച്ച ‘കേരള മോഡലില്‍’ ഒരു പ്രധാന പങ്കുവഹിക്കുവാന്‍ സാധിച്ചതില്‍ ഒരു മിഷന്‍ ആശുപത്രി എന്ന നിലയില്‍ കാരിത്താസ് ഏറെ അഭിമാനിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, അസി. ഡയറക്ടര്‍ ഫാ. ജിനു കാവില്‍, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍. എബ്രഹാം, ഡയമണ്ട് ജൂബിലി ഓര്‍ഗനൈസിങ്ങ് കമ്മറ്റി സെക്രട്ടറി ഡോ. ബോബന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.