Home Headline എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുക – മാര്‍ മാത്യു മൂലക്കാട്ട്

എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുക – മാര്‍ മാത്യു മൂലക്കാട്ട്

104

കോട്ടയം: എല്ലാവരുടെയും വളര്‍ച്ചയിലൂടെയാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാകുകയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന ആവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള വ്യക്തികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ വളര്‍ച്ച സമൂഹത്തിന്റെ ധാര്‍മ്മിക നിലവാരത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബീനാ ജോര്‍ജ്ജ്, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം തോമസ് എന്നിവര്‍ പ്രസംഗിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്. സമ്മേളനത്തോടനുബന്ധിച്ച് ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിക്ക് മൊബൈല്‍ ഫോണും ലഭ്യമാക്കി.