Home Headline ‘കമ്യൂണിസ്റ്റുകാരുടെ ഹൃദയഗുണം അനുഭവിച്ചറിഞ്ഞ തെരെഞ്ഞെടുപ്പ്’ ; സി.പി.ഐക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് സിറിയക്...

‘കമ്യൂണിസ്റ്റുകാരുടെ ഹൃദയഗുണം അനുഭവിച്ചറിഞ്ഞ തെരെഞ്ഞെടുപ്പ്’ ; സി.പി.ഐക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് സിറിയക് ചാഴികാടന്‍

87
0

കോട്ടയം : കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ സി.പി.ഐക്കെതിരായി വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി പറഞ്ഞതിന് പിന്നാലെ സി.പി.ഐയെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസ് എം നേതാവ് സിറിയക് ചാഴികാടന്‍. സിപിഐ മത്സരിക്കാന്‍ ആദ്യം താല്പര്യപ്പെട്ട ചങ്ങനാശേരിയിലായാലും, കാഞ്ഞിരപ്പള്ളിയിലായാലും, സിപിഐയുടെ സമുന്നത നേതാക്കള്‍ തൊട്ട് അടിത്തട്ടിലെ പ്രവര്‍ത്തകര്‍ വരെ ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ച പ്രവര്‍ത്തനപാടവവും രാഷ്ട്രീയ ഇച്ഛാശക്തിയും ഞങ്ങളെ അവരോട് കൂടുതല്‍ അടുപ്പിച്ചിട്ടേയുള്ളൂ.കമ്യൂണിസ്റ്റുകാരുടെ ഹൃദയഗുണം മനസ്സിലാക്കിച്ചുതന്നിട്ടേയുള്ളൂ, ഈ തെരഞ്ഞെടുപ്പ്. മത്സരിച്ച വയും നേടാന്‍ പോകുന്നവയുമായ എല്ലാ സീറ്റുകളിലും അവരോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് എന്നുമുണ്ടാവുമെന്ന് സിറിയക് ചാഴികാടന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിറിയക് ചാഴികാടന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

:ഇടതുപക്ഷം ചേര്‍ന്നുവോ, എങ്കില്‍ മാധ്യമങ്ങള്‍ക്ക് ഒരു നൈതികതയും കാണില്ല നിങ്ങളെ വിമര്‍ശിക്കാന്‍ എന്നത് മുമ്ബേ കേള്‍ക്കുന്നതാണെങ്കിലും അതിന്റെ യഥാര്‍ത്ഥമുഖം മനസ്സിലാകുന്നു ഇപ്പോള്‍. ഞങ്ങളുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉണ്ടാവാത്ത ചര്‍ച്ചകള്‍ ഞങ്ങളുടെ വായില്‍ വച്ചുകെട്ടുന്ന മാധ്യമക്കുനുഷ്ടിനെപ്പറ്റിത്തന്നെ. ചെയര്‍മാന്‍ ജോസ് കെ മാണി വെടി്പ്പായി കൈകാര്യംചെയ്ത സ്ഥിതിക്ക് അക്കാര്യം അധികം വിശദീകരിക്കുന്നില്ല. എങ്കിലും, മഴ തോര്‍ന്നിട്ടും മരം പെയ്യുന്നപോലെ അതേ കുശുകുശുപ്പ് പലയിടങ്ങളും ആവര്‍ത്തിക്കുന്നതുകൊണ്ട് ഇത്ര കൂടി പറയേണ്ടി വരുന്നു:ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്ന, ഞങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്ന ശരിയുടെ പ്രസ്ഥാനം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യക്തമായി ഞങ്ങള്‍ക്കറിയാം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപചയങ്ങളോട് പൊരുതുന്ന ഇടതുപക്ഷ പാര്‍ട്ടികളും, അവരുടെ പോരാട്ടത്തിലെ ശരിയും നന്മയും അംഗീകരിച്ച്‌ ആ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജനാധിപത്യകക്ഷികളും ചേര്‍ന്നതാണ് ആ പ്രസ്ഥാനം. ആ നിലയ്ക്ക് സിപിഎം, സിപിഐ എന്നീ കക്ഷികളുടെ നേതൃത്വത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ യാതൊരു സംശയവും ഈ മുന്നണിയിലെ ജനാധിപത്യകക്ഷികളില്‍ ആര്‍ക്കുമില്ല. നയത്തിലും പെരുമാറ്റത്തിലും വലതുപക്ഷപ്രസ്ഥാനത്തിന്റെ നായകരായ കോണ്‍ഗ്രസിന്റെ അപചയം ഏറ്റവും നന്നായി മനസ്സിലാക്കി അവിടെനിന്നും പിരിഞ്ഞവരായ ഞങ്ങള്‍ക്ക് അതൊട്ടുമില്ല.തെരഞ്ഞെടുപ്പുഫലം പെട്ടിയിലിരിക്കുന്ന ഒന്നാണ്. ജനങ്ങളെടുക്കുന്ന തീരുമാനം അനുകൂലമെന്നോ പ്രതികൂലമെന്നോ തെളിഞ്ഞാലും മാറാന്‍ പോകുന്നതല്ല ഈ സമീപനം. രാജ്യത്താകെയും കര്‍ഷകജനതയടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം ദുഷ്കരമാകുന്ന ഇക്കാലത്ത് ഇടതുപക്ഷജനാധിപത്യമുന്നണിക്ക് കരുത്തുപകര്‍ന്ന് ജനങ്ങളുടെ പോരാട്ടം ഏറ്റെടുക്കാന്‍ തീരുമാനിച്ചവരാണ് ഈ മുന്നണിയിലെ ഓരോ കക്ഷിയും.

പൊതുവില്‍ മാത്രമല്ല ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിക്കുന്നത്. മറിച്ചു ചിന്തിക്കേണ്ട ഒരവസരവും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു വേളയിലും ഉണ്ടായിട്ടില്ലെന്നു പറയാന്‍കൂടിയാണ്. മാത്രമല്ല, ഇത്ര ഒത്തൊരുമയോടും പരസ്പരധാരണയോടും തെരഞ്ഞെടുപ്പിനെ നേരിട്ട മുന്നണിയനുഭവവും ഇതുവരേയ്ക്കും ഞങ്ങള്‍ക്കില്ലെന്നു കൂടി പറഞ്ഞേ പറ്റൂ!വിവാദം നട്ടുവളര്‍ത്താന്‍ നോക്കുന്ന കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, റാന്നി തൊട്ട്, ഞങ്ങള്‍ മത്സരിക്കണമെന്ന് ഇടതുപക്ഷജനാധിപത്യമുന്നണി ഒറ്റക്കെട്ടായി തീരുമാനിച്ച ഒരു മണ്ഡലത്തിലും, ഒരാശയക്കുഴപ്പവും ഞങ്ങളില്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും വോട്ടെടുപ്പിന് മുമ്ബോ പിമ്ബോ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, സിപിഐ മത്സരിക്കാന്‍ ആദ്യം താല്പര്യപ്പെട്ട ചങ്ങനാശേരിയിലായാലും, കാഞ്ഞിരപ്പള്ളിയിലായാലും, സിപിഐയുടെ സമുന്നത നേതാക്കള്‍ തൊട്ട് അടിത്തട്ടിലെ പ്രവര്‍ത്തകര്‍ വരെ ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ച പ്രവര്‍ത്തനപാടവവും രാഷ്ട്രീയ ഇച്ഛാശക്തിയും ഞങ്ങളെ അവരോട് കൂടുതല്‍ അടുപ്പിച്ചിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരുടെ ഹൃദയഗുണം മനസ്സിലാക്കിച്ചുതന്നിട്ടേയുള്ളൂ, ഈ തെരഞ്ഞെടുപ്പ്.

മത്സരിച്ച വയും നേടാന്‍ പോകുന്നവയുമായ എല്ലാ സീറ്റുകളിലും അവരോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് എന്നുമുണ്ടാവും.നേരത്തെ പറഞ്ഞതുപോലെ, തെരഞ്ഞെടുപ്പുഫലം വരാനിരിക്കുന്നതേയുള്ളൂ. അതില്‍ ഞങ്ങളുടെ മുന്നണി വിജയം കണ്ടാല്‍, വാഗ്ദാനപാലനങ്ങളുടെതായ രണ്ടാം പിണറായി സര്‍ക്കാരില്‍ ഇടതുപക്ഷപാര്‍ട്ടികളോട് ചേര്‍ന്നുനിന്ന് ആ വാഗ്ദാനപാലനത്തില്‍ ഞങ്ങളുണ്ടാവും. മറിച്ചാണെങ്കില്‍, ജനങ്ങളെ അണിനിരത്തിയുള്ള മുന്നണിയുടെ പ്രതിപക്ഷപോരാട്ടങ്ങളില്‍ ഇടതുപക്ഷനയസമീപനങ്ങളുടെ കാവലാളുകളായി ഞങ്ങളുണ്ടാവും.രണ്ടായാലും പ്രിയ മാധ്യമങ്ങളേ, നിങ്ങളുടെ നുണഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തില്ലെന്ന് ഞങ്ങള്‍ക്കറിയാം. അക്ഷീണം അവ പ്രവര്‍ത്തിപ്പിച്ചുകൊള്ളുക! കാരണം, ഞങ്ങള്‍ നിങ്ങളുടെ നിത്യശത്രുക്കളുടെ കൂട്ടത്തിലായിപ്പോയല്ലോ!

LEAVE A REPLY

Please enter your comment!
Please enter your name here